Latest News

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഗവർണർക്ക് രാജിക്കത്ത് കൈമാറി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായി വാലയ്ക്ക് രാജിക്കത്ത് കൈമാറി. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് കുമാരസ്വാമി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ കുമാരസ്വാമിയുടെ രാജി സ്വീകരിച്ചു.[www.malabarflash.com]

ഭരണപക്ഷത്തെ പതിനാറ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. തുടര്‍ന്ന് സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടുകയും പരാജയപ്പെടുകയുമായിരുന്നു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എല്‍ എമാരാണ് അനുകൂലിച്ചത്. 105 എം എല്‍ എമാര്‍ എതിര്‍ത്തു.

പതിന്നാലുമാസമാണ് കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. രാജിവെച്ച എം എല്‍ എമാരെ അനുനയിപ്പിക്കാന്‍ പലവഴികളും കോണ്‍ഗ്രസും ജെ ഡി എസും ശ്രമിച്ചിരുന്നു. എന്നാല്‍ നിലപാടില്‍നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറായില്ല.

ചൊവ്വാഴ്ച അഞ്ചരയോടെയാണ് വിശ്വാസപ്രമേയത്തിനു മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിക്കൊണ്ടുള്ള മറുപടി പ്രസംഗം കുമാരസ്വാമി നടത്തിയത്. സന്തോഷത്തോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങി.

കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിക്കുന്നവരുടെ കണക്കാണ് ആദ്യം എടുത്തത്. തുടര്‍ന്ന് എതിര്‍ക്കുന്നവരുടെ എണ്ണവും എടുത്തു. ഈ കണക്ക് പിന്നീട് ഉദ്യോഗസ്ഥര്‍ സ്പീക്കര്‍ക്ക് കൈമാറി. ശേഷം വിശ്വാസവോട്ടെടുപ്പില്‍ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുടെ കണക്ക് വായിച്ച സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.