Latest News

കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിനുള്ളില്‍ നിന്നു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എം.ടെക്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്യവട്ടം കാമ്പസിനുള്ളിലെ കാട്ടില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.[www.malabarflash.com]

ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലാണുള്ളത്. മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും കിട്ടി. ഇതില്‍നിന്നാണ് മൃതദേഹം ശ്യാനിന്‍റേതാണെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചമുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ശ്യാന്‍ കാമ്പസിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

കോഴിക്കോട് വടകര സ്വദേശിയായ ശ്യാന്‍ രണ്ടു വര്‍ഷത്തിലേറെയായി പാങ്ങപ്പാറ ഡയമണ്ട് ഡിസ്ട്രിക്ട് വാലി ഫ്‌ലാറ്റില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ലൈബ്രറിയില്‍ പോകുന്നു എന്നു പറഞ്ഞാണ് ശ്യാന്‍ ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങിയത്. രാത്രി ഏറെ വൈകിയും ശ്യാന്‍ വീട്ടില്‍ എത്തുകയോ ഫോണില്‍ വിളിച്ചിട്ട് കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ബന്ധുക്കള്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ തിരച്ചില്‍ ആരംഭിച്ചുവെങ്കിലും മണം പിടിച്ചെത്തിയ നായ്ക്കള്‍ ക്യാമ്പസിനുള്ളിലെ ഹൈമവതി കുളത്തിനരികില്‍ വന്ന് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ശ്യാന്‍ കുളത്തിലേക്ക് ഇറങ്ങിയതിന്റെ സൂചനകള്‍ ഉണ്ടായിരുന്നില്ല. കുളത്തിനു ചുറ്റുമുള്ള കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് തിരച്ചില്‍ നടത്തിയതിന് ഒരു കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍നിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.