Latest News

കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ട്രംപ്; ട്രംപിന്റെ സഹായം തേടിയിട്ടില്ലെന്ന് ഇന്ത്യ

വാഷിങ്ടണ്‍/ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹായം അഭ്യര്‍ഥിച്ചതായും ട്രംപ് വ്യക്തമാക്കി.[www.malabarflash.com]

എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളി. ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. കശ്മീരിലെ സ്ഥിതി വളരെ വഷളാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നും ട്രംപ് പറഞ്ഞു.

ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ഥിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യവുമായി പല നേതാക്കളും രംഗത്തെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.