Latest News

കോടതി മുറിയിലെ പ്രതികൂട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കൊച്ചി: എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒമ്പതാം നമ്പര്‍ കോടതി മുറിയിലെ പ്രതിക്കൂട്ടില്‍ നിന്നും രക്ഷപെട്ട പ്രതി പിടിയില്‍. തൃക്കാക്കര മുണ്ടംപാലം അന്‍സില മനസ്സിലില്‍ ആസിഫ് സുലൈമാന്‍ (26) ആണ് അറസ്റ്റിലായത്.[www.malabarflash.com]

ഈ മാസം മൂന്നിനാണ് ഇയാള്‍ കോടതി മുറിയിലെ പ്രതികൂട്ടില്‍ നിന്നും രക്ഷപെട്ടത്.തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. 

2013 ഫെബ്രുവരിയില്‍ പാടിവട്ടം അഞ്ചുമന റോഡിലുള്ള സ്‌കൂട്ടര്‍ ഗ്യാരേജില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയ ശേഷം പൊളിച്ച് പാര്‍ട്‌സുകളായി വില്‍പ്പന നടത്തിയ സംഭവത്തില്‍ പാലാരിവട്ടം പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയായിരിന്നു ആസിഫ്. 

ഈ കേസിലെ വിചാരണ നടപടികള്‍ക്ക് പലവട്ടം സമന്‍സ് ഉത്തരവായിട്ടും ഹാജരാകാതിരുന്ന ആസിഫിനെതിരെ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് ജൂലൈ മൂന്നാം തീയതി വക്കീലിന് ഒപ്പം കോടതിയില്‍ ഹാജരായ ആസിഫിനെ റിമാന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ മജിസ്‌ട്രേറ്റ് എടുത്ത സമയം പ്രതിക്കൂട്ടില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതി അധികൃതരുടെ പരാതിപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ ആസിഫിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കണ്ടെത്തുന്നതിന് വ്യാപകമായ അന്വേഷണം നടത്തി വരുന്നതിനിടെ ആണ് തൃക്കാക്കരയില്‍ നിന്നും പിടിയിലായത്.

തൃക്കാക്കര ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലും ഇയാള്‍ പ്രതിയാണ്.എറണാകുളം എ സി പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍, എസ് ഐമാരായ വിബിന്‍ദാസ്, കെ സുനുമോന്‍, എസ് സി പി ഒ മാരായ അനീഷ്, രഞ്ജിത്ത്, സി പി ഒ മാരായ ഇഗ്‌നേഷ്യസ്, ഇസഹാക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.