Latest News

ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റ്: പെണ്‍കുട്ടിയോട് ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ട് കോടതി

റാഞ്ചി: മത സ്പര്‍ധ ഉണ്ടാകുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോളജ് വിദ്യാര്‍ഥിയോട് ഖുര്‍ആന്റെ അഞ്ച് പ്രതികള്‍ വാങ്ങി വിതരണം ചെയ്യണമെന്ന് കോടതി. റാഞ്ചിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.[www.malabarflash.com]

പ്രാദേശിക കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ചാ ഭാരതിയെന്ന 19 കാരി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിനാധാരം. മതവിദ്വേഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി റിച്ചയെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

പെണ്‍കുട്ടിയുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഹിന്ദുത്വര്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. പോലിസെത്തിയാണ് ഒടുവില്‍ രംഗം ശാന്തമാക്കിയത്. 

രണ്ടാഴ്ചയ്ക്കകം അഞ്ച് ഖുര്‍ആന്‍ പ്രതികള്‍ വാങ്ങി വിതരണം ചെയ്യണമെന്നും ഒരെണ്ണം അഞ്ചുമാന്‍ ഇസ്‌ലാമിയ കമ്മിറ്റിയിലും ബാക്കി നാലെണ്ണം വിവിധ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കണമെന്നും കോടതി വ്യക്തമാക്കി. 

ഇരു സമുദായങ്ങളും പരസ്പരം സമ്മതിക്കുകയും 7,000 രൂപയുടെ വ്യക്തിഗത ബോണ്ട് സമര്‍പ്പിക്കുകയും ചെയ്തതിന് ശേഷമാണ് കോടതി റിച്ച ഭാരതിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ കോടതിയുടേത് വിചിത്രമായ വിധിയാണെന്നും അപ്പീല്‍ നല്‍കുമെന്നും ഹിന്ദുത്വ സംഘടനകള്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.