റാഞ്ചി: മത സ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോളജ് വിദ്യാര്‍ഥിനിയോട് ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യണമെന്ന് ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്ന് കോടതി തിരുത്തി.[www.malabarflash.com]
റാഞ്ചിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റാഞ്ചി വിമന്‍സ് കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ചാ ഭാരതി(19)ക്കു നല്‍കിയ ജാമ്യത്തിനു വേണ്ടിയുള്ള ശിക്ഷാവിധിയില്‍ മാറ്റം വരുത്തിയത്.
മതവിദ്വേഷമുണ്ടാക്കുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ചൂണ്ടിക്കാട്ടി റിച്ചയെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നല്‍കിയ ജാമ്യാപേക്ഷയിലാണ്, രണ്ടാഴ്ചയ്ക്കകം അഞ്ച് ഖുര്‍ആന്‍ പ്രതികള്‍ വാങ്ങി വിതരണം ചെയ്യണമെന്നും ഒരെണ്ണം അഞ്ജുമാന്‍ ഇസ്‌ലാമിയ കമ്മിറ്റിയിലും ബാക്കി നാലെണ്ണം വിവിധ ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കും നല്‍കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
7,000 രൂപയുടെ വ്യക്തിഗത ബോണ്ട് സമര്‍പ്പിക്കുന്നതിനൊപ്പം അധിക ഉപാധിയായാണ് ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടത്. കോടതി വിധിക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശപ്രകാരമാണ് ജഡ്ജി മനീഷ്‌കുമാര്‍ സിങ്, ഖുര്‍ആന്‍ വിതരണം ചെയ്യണമെന്ന ജാമ്യ വ്യവസ്ഥ തിരുത്തി 7000 രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കാന്‍ നിര്‍ദേശിച്ചത്.
കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ എല്ലാവിധ സഹായവും ചെയ്യുമെന്ന് അവകാശപ്പെട്ട് ബിജെപി നേതാക്കളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള ഹിന്ദുത്വര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ റിച്ചാ ഭാരതിക്കു വേണ്ടിയും ജഡ്ജിക്കെതിരേയും കാംപയിനും നടന്നിരുന്നു. ജഡ്ജിക്കെതിരേ രംഗത്തെത്തിയ റാഞ്ചി ജില്ലാ ബാര്‍ അസോസിയേഷന്‍, മനീഷ്‌കുമാര്‍ സിങിനെ മറ്റൊരു കോടതിയിലേക്ക് സ്ഥലംമാറ്റിയില്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
മുസ്‌ലിംകളെ അപമാനിക്കുകയും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും കാണിച്ച് ഒരു വിഭാഗം മുസ്‌ലിംകളാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരേ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ജാമ്യവ്യവസ്ഥയില്‍ അഞ്ചു ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യണമെന്നും ഇതിന്റെ രശീതി 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടത്.
എന്നാല്‍, പരാമര്‍ശം താന്‍ എഴുതിയതല്ലെന്നും കോപി ചെയ്ത് പേസ്റ്റ് ചെയ്തതാണെന്നും അവകാശപ്പെട്ട റിച്ച ഭാരതി, എതിര്‍ഭാഗത്തുനിന്ന് ഇത്തരം പോസ്റ്റുകളിട്ടാല്‍ അവരോട് ഹനുമാന്‍ ചാലിസ പാടാന്‍ ആവശ്യപ്പെടുകയോ ക്ഷേത്രത്തില്‍ പോവാന്‍ പറയുകയോ ചെയ്യാറില്ലെന്നും പറഞ്ഞു. ആദ്യമായാണ് ഒരു ജഡ്ജിയുടെ ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ പ്രകാരം തിരുത്തുന്നത്.
No comments:
Post a Comment