Latest News

നായ ഓ‌രിയിടുന്നത് എന്തുകൊണ്ട്...?, വിചിത്ര ചോദ്യത്തിൽ പരാതിക്കാരന് വിവരാവകാശ കമ്മിഷന്റെ താക്കീത്

പത്തനംതിട്ട: നായ ഓ‌‌രിയിടുന്നത് എന്തുകൊണ്ട് എന്ന ചേദ്യവുമായി വിവരാവകാശ കമ്മിഷനെ സമീപിച്ച അപേക്ഷകനെ കമ്മിഷണർ വിൻസെന്റ് എം.പോൾ താക്കീതുചെയ്തു.[www.malabarflash.com]

ചോദ്യം വിവരാവകാശത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും പൊതു അധികാരിയിൽ ലഭ്യമായ രേഖകൾ, രജിസ്റ്ററുകൾ എന്നിവയിൽ നിന്ന് മാത്രമേ വിവരാവകാശ നിയമപ്രകാരം മറുപടി തരാൻ കഴിയൂവെന്ന് അപേക്ഷകനെ രണ്ടു തവണ അറിയിച്ചിരുന്നെന്നും വ്യക്തമാക്കിക്കൊണ്ടാണ് കമ്മിഷണറുടെ താക്കീത്. 

പന്തളം മുടിയൂർക്കോണം ലക്ഷ്മിഭവനിൽ അശോകനാണ് അയൽക്കാരന്റെ നായ ഓ‌രിയിടുന്നതു സംബന്ധിച്ച പരാതിക്കാരൻ. അശോകന്റെ ചോദ്യത്തിന് മറുപടി വിവരാവകാശ നിയമപ്രകാരം ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണവകുപ്പാണ് മറുപടി നൽകിയത്.

ഇതേത്തുടർന്ന് അശോകൻ മുഖ്യവിവരാവകാശ കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. മറ്റു പരാതികളോടൊപ്പം ഇന്നലെ തിരുവനന്തപുരത്തെ വിവരാവകാശ കമ്മിഷണറുടെ ഓ‌ഫീസിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് അശോകന്റെ പരാതിയും പരിഗണിച്ചത്. കളക്ടറേറ്റിലെ വീഡിയോ കോൺഫറൻസ് മുറിയിൽ പരാതിക്കാരുമെത്തിയിരുന്നു.

അശോകന്റെ പരാതി പരിഗണിച്ചപ്പോൾ മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സർജൻ ഡോ. ബിജുമാത്യു, ലൈവ് സ്റ്റാേക്ക് ഇൻസ്പെക്ടർ ബി.എസ്. ബിന്ദു എന്നിവരും ഹാജരായിരുന്നു. പരാതി പരിഗണിക്കവെ വിവരാവകാശ നിയമം ദുർവിനിയോഗം ചെയ്യരുതെന്ന് കമ്മിഷണർ അശോകനോട് പറഞ്ഞു. 

വിവരാവകാശ നിയമത്തെപ്പറ്റി ഒരു വിവരവും മനസിലാക്കാതെയാണ് അപേക്ഷ നൽകിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും തന്റെയും സമയം പാഴാവുകയാണ്. അറിയാനുളള അവകാശം കൊണ്ടാണ് അപേക്ഷ നൽകിയതെന്ന് പരാതിക്കാരനായ അശോകൻ വിശദീകരിച്ചു. എന്നാൽ, പൊതു അധികാരിയിൽ ഉളള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാൻ കഴിയൂവെന്ന് കമ്മിഷണർ മറുപടി നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.