കണ്ണൂര്‍: കാറിലെത്തിയ സംഘം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു. ചാവശ്ശേരി ജംഷീറ മന്‍സിലില്‍ മുനവ്വര്‍ എന്ന അന്‍വര്‍ (33), നടുവനാട് കണ്ണിക്കരിയില്‍ മുഹമ്മദ് (33) എന്നിവരെയാണ് ഇരിട്ടി എസ്‌ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്.[www.malabarflash.com]
പായം വട്ട്യറയിലെ എരുമത്തടത്തുവച്ചാണ് കഴിഞ്ഞ 11ന് വൈകീട്ട് 5 മണിയോടെ കാറിലെത്തിയ സംഘം എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എരുമത്തടത്തിലെ വീട്ടിലേക്ക് നടന്നുപോകവേ വാഗണര്‍ കാറിലെത്തിയ സംഘം ഇവരോട് വഴിചോദിക്കുകയും തുടര്‍ന്ന് മുന്നോട്ടുപോയ കാര്‍ തിരിച്ചെത്തി വിദ്യാര്‍ഥിനിയെ കഴുത്തില്‍ പിടിച്ച് മര്‍ദിക്കുകയും കാറിലേക്ക് വലിച്ചുകയറ്റുവാന്‍ ശ്രമിക്കുകയുമായിരുന്നു.
കുട്ടികള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് സമീപവാസി ഓടിയെത്തുന്നതുകണ്ടാണ് സംഘം ശ്രമം ഉപേക്ഷിച്ച് പോയത്. നിറമൊഴികെ കാറിന്റെ നമ്പറോ മറ്റു കാര്യങ്ങളോ കുട്ടികള്‍ക്കറിയാമായിരുന്നില്ല.
ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ എസ്‌ഐ ദിനേശന്‍ കൊതേരി അടങ്ങുന്ന പോലിസ് സംഘം പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചാണ് കാറിലെത്തിയവരെ പിന്തുടര്‍ന്ന് പിടികൂടിയത്.
കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമാണ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതെന്നുള്ള അഭ്യൂഹങ്ങള്‍ നാട്ടില്‍ പരക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാവുന്നത്. തട്ടിക്കൊണ്ടുപോവാനുള്ള ശ്രമവും പോക്‌സോ കേസുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment