Latest News

ഭൂഗർഭജലം വറ്റി, കാസറകോട് ജില്ലയിൽ വരാനിരിക്കുന്നത് ഗുരുതരമായ ജലക്ഷാമം!! ഇനിയും നമ്മൾ ഞെട്ടിയില്ലേ?... കരുതലുണ്ടാവണം നാളേക്ക്

കാസർകോട്ടെ ഭൂഗർഭ ജലസ്രോതസ്സും വറ്റി, ജില്ലയിൽ വരാനിരിക്കുന്നത് ഗുരുതരമായ ജലക്ഷാമം, ആഴ്ചകൾക്കു മുൻപ് പല പത്ര ദൃശ്യ മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്ത വാർത്തയാണിത്, സിംപിൾ ആയി പറഞ്ഞാൽ കുടിക്കാനും കുളിക്കാനുമുള്ള വെള്ളമില്ലാതെ നമ്മൾ നെട്ടോട്ടമോടേണ്ടി വരുന്ന നാളുകളാണിനി.... [www.malabarflash.com]

വെള്ളത്തിനു വേണ്ടി വഴിവക്കിൽ ടാങ്കർ ലോറികളെ കാത്തിരിക്കേണ്ടി വരുന്ന കറുത്ത നാളുകൾ അടുത്തു വന്നിരിക്കുന്നു എന്ന്, ഇങ്ങനെ കേട്ടിട്ടും നമ്മൾ ഞെട്ടിയില്ലെങ്കിൽ?
ലോകത്ത് പട്ടിണിക്കും ദാരിദ്ര്യത്തിനും മേലെയാണ് കുടിവെള്ളക്ഷാമം,
കുടിവെള്ളക്ഷാമം എന്നും വെള്ളത്തിന് വേണ്ടി കുടവുമായി കുട്ടികളും സ്ത്രീകളും വരിവരിയായി നിൽക്കുന്ന ചിത്രങ്ങളും വാർത്തകളും കേൾക്കുമ്പോൾ പണ്ട് അത് ആഫ്രിക്കയിലെ ഇരുണ്ട മരുഭൂമിയിലെ പ്രശ്നമായിരുന്നു നമുക്ക്, പിന്നീട് പതിയെ അത് നമ്മുടെ രാജ്യത്തെ ഉത്തരേന്ത്യയിലെ ഗ്രാമങ്ങളാണെന്ന് നമ്മൾ ധരിച്ചു, പക്ഷേ അശാസ്ത്രീയവും മുൻകരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലം ജില്ലയുടെ ഭൂഗർഭ ജലം തീരുന്നുവെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കുഴൽക്കിണറുകളും ഉള്ള കാസർകോട് ജില്ല സമീപഭാവിയിൽ വൻദുരന്തമാണ് നേരിടാൻ പോകുന്നതുമെന്ന വാർത്ത നമ്മളെ ഉണർത്തിയില്ലെങ്കിൽ പിന്നെ രക്ഷയില്ല.
സംസ്ഥാനത്ത് കാസർകോട്, പാലക്കാട് ജില്ലകളിലാണ് രൂക്ഷമായ ജലക്ഷാമം നേരിടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, അതിൽ തന്നെ കാസർകോടിന്റെ കാര്യം വളരെ പരിതാപകരമാണ്. ഇതിനെ കുറിച്ച് കൂടുതൽ പഠനം നടത്താൻ കേന്ദ്ര സംഘം ഈ മാസം ജില്ലയിലെത്തുമെന്നും വാർത്ത ഉണ്ടായി. 

ഇതിനു പുറമേ കേന്ദ്രസർക്കാർ പദ്ധതിയായ ജൽശക്തി അഭിയാൻ പ്രകാരം ജില്ലയിലെ ജലവിതാനം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കനും ശ്രമങ്ങൾ ഉണ്ടാവുന്നു,
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ 2017ലെ റിപ്പോർട്ട് പ്രകാരം കാസർകോട് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞത്രെ!!

വാർത്തയിലെ കണക്കുകൾ ഇപ്രകാരമാണ്
സമൃദ്ധമായ കുളങ്ങളും, സുന്ദരമായി പരന്നൊഴുകിയ നീർചാലുകളും ഏത് വേനലിലും പലരുവിപോലെ വെള്ളം കിനിയുന്ന തുരങ്കങ്ങളും കണ്ണിൽ നിന്നും മറഞ്ഞുപോയെങ്കിലും ഓരോ വീട്ടുമുറ്റത്തെയും
കുഴൽക്കിണറി(ബോർ വെൽ)ൽ വെള്ളമുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു നമ്മൾ, എന്നാൽ ഇനി ആ ആശ്വാസത്തിനും വകയില്ല. ജില്ലയിൽ ഭൂമിക്കടിയിലെ ഉപയോഗയോഗ്യമായ ജലം തീരുന്നുവെന്നാണ് ഓരോ കണക്കുകളും സൂചിപ്പിക്കുന്നത്.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ (ജിഇസി) 2017ലെ റിപ്പോർട്ട് പ്രകാരം കാസർകോട് ബ്ലോക്കിലെ 97.68 % ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞു. 2013ൽ അത് 90.52 ശതമാനമായിരുന്നു. 4 വർഷം കൊണ്ടാണ് ഇത്ര വലിയ ഇടിവ് വെള്ളത്തിന്റെ അളവിലുണ്ടായതെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.

കാസർകോട് ജില്ലയിൽ മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ സാഹചര്യത്തിലാണ്. 83.96 %, 82.03 %, 77.67 % എന്നിങ്ങനെയാണ് ഈ ബ്ലോക്കുകളിലെ ഭൂഗർഭ ജലവിനിയോഗം. നീലേശ്വരം, പരപ്പ ബ്ലോക്കുകൾ മാത്രമാണ് അൽപമെങ്കിലും സുരക്ഷിതം. 69.52 %, 66.97 % എന്നിങ്ങനെയാണ് ഈ മേഖലകളിൽ അവശേഷിക്കുന്ന ജലം.

വികസന മുരടിപ്പും പിന്നോക്ക ജില്ലയെന്നും വ്യാവസായിക ശവപറമ്പെന്നും പഴികേട്ട ജില്ലയിലാണ് ഈ സ്ഥിതിയെന്നു കൂട്ടിവായിക്കുമ്പോൾ മാത്രമേ നമ്മുടെ അശ്രദ്ധയുടെ തോത് മനസ്സിലാക്കാൻ പറ്റൂ. 

വ്യാവസായിക ആവശ്യങ്ങൾക്കോ വൻകിട ഫാക്ടറികൾക്കോ കുടിവെള്ളം ഊറ്റി തരിശാക്കി മാറ്റിയ വൻകിട നഗരങ്ങളെക്കാൾ മുൻപന്തിയിലാണ് ഭൂഗർഭ ജലഉപയോഗത്തിന്റെ തോത് ജില്ലയിൽ കൂടുതൽ എന്നത് നമ്മളെ ഇനിയെങ്കിലും ഞെട്ടിപ്പിക്കണം. 

അശാസ്ത്രീയവും അനിയന്ത്രിതവുമായ ജല ഉപയോഗവും അതിനനുസരിച്ചുള്ള മഴവെള്ളസംഭരണവും ഇല്ലാത്തതു തന്നെയാണ് ഈ സാഹചര്യം ജില്ലയിൽ ഉണ്ടാക്കിയിട്ടുള്ളത്.
ഒരുകാലത്തു ജലസമൃദ്ധമായിരുന്ന പയസ്വിനിയും ചന്ദ്രഗിരിയും ഇന്ന് വലിയ മണൽ കാടുകൾ മാത്രം. അനിയന്ത്രിത മണലെടുപ്പും മലിനീകരണവും കയ്യേറ്റവും ജില്ലയിലെ ഒട്ടുമിക്ക പുഴകൾക്കും അകാലചരമം സമ്മാനിച്ചിരുന്നു.
അലസമായി പ്ലാസ്റ്റിക്കുകളും ബോട്ടിലുകളും ചപ്പ് ചവറുകളും നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയായി പുഴയോരം മാറിയതോടെ നാളേക്കുള്ള ജലസംരക്ഷണത്തിന്റെ വഴികൂടിയടച്ചു നമ്മൾ തന്നെ നമ്മുടെ കുഴിതോണ്ടിയിരിക്കുകയാണ്. 

ഏറ്റവും അവസാന ആശ്വാസമായ ഭൂഗർഭ ജലമാകട്ടെ അശാസ്ത്രീയമായ ഉപയോഗം മൂലം നേരെത്തെ തീർന്നിരിക്കുന്നു, ഇനി വരാനിരിക്കുന്നത് വലിയ ദുരന്തം തന്നെയാണ്, ഈ വർത്തകളെങ്കിലും നമ്മെ ചിന്തിപ്പിക്കിണ്ടിയിരിക്കുന്നു. ജലം അമൂല്യമാണ്, അത് സംരക്ഷിക്കപ്പെടണം കരുതലുണ്ടാവണം നാളേക്ക് വേണ്ടി.

1993 കളില്‍ ആരംഭിച്ച ശുദ്ധജല ദൗര്‍ലഭ്യം 2015 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ നാലിലൊന്ന് ആളുകള്‍ക്ക് ശുദ്ധജലം കിട്ടാത്തത്ര ഭീകരമായ ജലക്ഷാമമുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്. 

ഇന്ത്യ ഉള്‍പ്പെടെ 50 രാഷ്ട്രങ്ങളിലായി ലോകത്ത് ഏതാണ്ട് 320 കോടി ജനങ്ങളെ ഇത് ബാധിക്കുമെന്നും പറയുന്നു. 2050ല്‍ ലോകജനസംഖ്യയില്‍ പകുതിയോളം ആളുകള്‍ കുടിവെള്ള ക്ഷാമത്തിനിരയാകുമെന്നും പ്രവചിക്കപ്പെടുന്നു. 

ഇന്ന് ലോകജനതയില്‍ 110 കോടി ആളുകള്‍ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. ചില രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനവും കുടിവെള്ളത്തിനുവേണ്ടി ചിലവഴിക്കുന്നു.
ഈ കണക്കുകൾ ആഗോളമാണെങ്കിലും 2019 ൽ തന്നെ 95% ഭൂഗർഭ ജല ഉപഭോഗവും കഴിഞ്ഞ നമ്മൾ കാസര്കോട്ടുകാരുടെ കാര്യം പേടിപെടുത്തുന്നതാണ്,
ജലസംരക്ഷണത്തിന്റെ ആവശ്യകതയും മഴവെള്ളസംഭരണത്തെയും കുറിച്ച് ഓരോ ജനങ്ങളിലും കൃത്യമായ അവബോധം ഉണ്ടാക്കേണ്ടിരിക്കുന്നു.

നമ്മളൊന്നു മനസ്സുവച്ചാല്‍, മഴക്കാലത്ത് നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തും പെയ്തിറങ്ങുന്ന മഴവെള്ളം പരമാവധി നേരത്തെ തന്നെ ചാലുകീറി, കുഴികുത്തി ഭൂമിയിലേക്കിറക്കിവിടാനുള്ള മഴക്കുഴികളോ ജലസംഭരണികളോ ഉണ്ടാക്കാന്‍ മനസ്സുവച്ചാല്‍ ജലക്ഷാമമുണ്ടാകാതെ നോകാം.

 ജലം ഭൂമിയിലേക്കിറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ മുറ്റം ടൈല്‍സ്പാകിയും കോൺഗ്രീറ് ഇന്റർ ലോക്കുകൾ ഘടിപ്പിച്ചും ജലമൊഴുക്കുന്ന വഴി തടസ്സപെടുത്താതിരിയ്ക്കാൻ ശ്രദ്ധിച്ചാല്‍ ജലക്ഷാമം നേരിടാനുള്ള മുൻകരുതൽ ഓരോ ആളുകളും ഏറ്റെടുക്കണം. 

മഴക്കാലത്ത് അധികമായി പെയ്തിറങ്ങുന്ന മഴവെള്ളം പറമ്പിലെ മഴക്കുഴികളില്‍ ശേഖരിക്കുക വഴി ഗ്രാമീണ മേഖലയിലെ കിണറുകള്‍ ജലസമൃദ്ധമാകട്ടെ. അങ്ങനെ നാട്ടില്‍ കിട്ടുന്ന വെള്ളം ശുദ്ധമല്ലെന്ന് പ്രഖ്യാപിച്ച് കുപ്പിവെള്ളം കുടിപ്പിക്കുന്ന കുടിവെള്ള മാഫിയകളെ ഇല്ലാതാക്കാനും അതുവഴി ഭൂഗർഭ ജലഉപയോഗത്തിന്റെ തോത് കുറക്കുകയും ചെയ്യുക. 

മഴവെള്ളം ശേഖരിക്കുകയും ഭാവിക്കായി കരുതിവയ്ക്കുയും ചെയ്യുകയും ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ഒരുമിച്ചു നില്‍ക്കുകയും ചെയ്താൽ വരാനിരിക്കുന്ന വിപത്തിന്റെ തീവ്രത കുറക്കാം.
ജലം അമൂല്യമാണ് അതെ അത് പാഴാക്കരുത് ഓരോ തുള്ളി വെള്ളവും അതിന്റെ വിലയറിഞ്ഞ് ചെലവഴിക്കാം.
നമുക്കുരക്ഷകരായി നമ്മൾ മാത്രമാണെന്നതും ഓർമ്മയിലുണ്ടാവട്ടെ....
- നൗഷാദ് നെല്ലിക്കാട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.