Latest News

യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തി

കുമ്പളം: എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി. കുമ്പളം സ്വദേശി അര്‍ജുന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂര്‍ മേല്‍പ്പാലത്തിനു വടക്ക് ഭാഗത്ത് ഒരു കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിന് പടിഞ്ഞാറു ഭാഗത്തായി ആള്‍ താമസമില്ലാത്ത കണിയാച്ചാല്‍ ഭാഗത്ത് കുറ്റിക്കാടിനുള്ളിലെ ചെളിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് അര്‍ജുനെ കാണാതായതായി പനങ്ങാട് പോലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ രണ്ടാം തീയതി മുതല്‍  അര്‍ജുന്‍ (20) എന്ന വിദ്യാര്‍ഥിയെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പോലീസിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍, പോലീസ് വേണ്ടത്ര ഗൗരവത്തില്‍ കേസന്വേഷണം നടത്തിയില്ല എന്ന് വ്യാപകമായി പരാതിയും ഉയര്‍ന്നിരുന്നു. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകനാണ് അര്‍ജുന്‍.

അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി കാണാതായതായി കാട്ടിയ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പനങ്ങാട് പോലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്ത് വിടുകയാണുണ്ടായത്.

ബുധനാഴ്ച അര്‍ജുന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പോലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് യുവാവിന്റെ നാല് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരിലൊരാളുടെ സഹോദരന്‍ അപകടത്തില്‍ മരിച്ചത് അര്‍ജുന്‍ കാരണമാണെന്ന വിശ്വാസമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവേ ബൈക്കോടിച്ചയാള്‍ കളമശ്ശേരിയില്‍വെച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പിന്നിലിരുന്ന അര്‍ജുന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുശേഷം തന്റെ സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്ന തരത്തില്‍ മരിച്ചയാളുടെ സഹോദരന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നു.

ഇയാള്‍ക്ക് സഹോദരന്റെ മരണത്തില്‍ അര്‍ജുനോടുണ്ടായ വൈരാഗ്യം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവ ദിവസം കൂട്ടുകാരനെക്കൊണ്ട് അര്‍ജുനെ നെട്ടൂരിലേക്ക് പെട്രോള്‍ തീര്‍ന്നെന്ന കാരണം പറഞ്ഞ് വിളിച്ചുവരുത്തി. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം പ്രതികള്‍ നാലുപേരും ചേര്‍ന്ന് അര്‍ജുനെ മര്‍ദിച്ച ശേഷം ചതുപ്പില്‍ താഴ്ത്തുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വ്യാഴാഴ്ച സ്ഥലത്തു പോയി ഇന്‍ക്വസ്റ്റ്, ഫോറന്‍സിക് നടപടികള്‍ കഴിഞ്ഞ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.