Latest News

മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: അമിത വേഗതയില്‍ കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കൊന്ന കേസില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.[www.malabarflash.com]

ശ്രീറാം കഴിയുന്ന നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മജിസട്രേറ്റ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തത്കാലം ആശുപത്രിയില്‍ തുടരാനും മജിസ്‌ട്രേറ്റ് അനുവദിച്ചു.

മദ്യപിച്ച് ശ്രീറാം ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിച്ചതിന്റെ വിശദമായ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പോലീസ് മജിസ്‌ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തുകയായിരുന്നു. അഞ്ച് മിനുട്ടുകൊണ്ട് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റ് മടങ്ങി.

നേരത്തെ ഡി ജി പിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റപ്രകാരം (304 വകുപ്പ് പ്രകാരം) കേസെടുത്ത ശേഷമാണ് അറസ്റ്റ്. ജീവപര്യന്തമോ, പത്ത് വര്‍ഷം തടവോ ലഭിക്കാവുന്ന വകുപ്പാണ് ഐ പി സി 304. ശ്രീറാം ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തി മ്യൂസിയം സി ഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എല്ലാ പഴുതുകളും അടച്ചുള്ള ഒരു റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പോലീസ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തി സമര്‍പ്പിച്ചതെന്നാണ് വിവരം. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയുടെയും മറ്റ് ദൃസാക്ഷികളുടെയും മൊഴികളും ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. പ്രധാന സാക്ഷിയായ യുവതിയുടെ രഹസ്യ മൊഴി വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പിലെത്തി പോലീസ് രേഖപ്പെടുത്തിയിരുന്നു .മദ്യപിച്ച് അമിത വേഗതയില്‍ ശ്രീറാം ഓടിച്ച കാര്‍ ഇടിച്ചാണ് ബഷീര്‍ മരിച്ചതെന്ന മൊഴി പോലീസിന് ലഭിച്ചതായാണ് വിവരം.

നേരത്തെ ശ്രീറാമിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ 304 എ വകുപ്പായിരുന്നു ചുമത്തിയിരുന്നത്. എന്നാല്‍ ശ്രീറാമിനെ രക്ഷിക്കാനുള്ള പോലീസിന്റെ നീക്കം വലിയ വിവാദമായതോടെ സര്‍ക്കാറിന്റെ ശക്തമായ ഇടപടെല്‍ ഉണ്ടകുകയും പോലീസ് തെളിവ് ശേഖരിക്കല്‍ കാര്യക്ഷമമാക്കുകയുമായിരുന്നു. ശക്തമായ മാധ്യമ ഇടപെടലുകളും പോലീസ് അന്വേഷണത്തെ സ്വാധീനിച്ചു.

വെളളിയാഴ്ച അര്‍ധരാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.