Latest News

സബ്‌സ്റ്റേഷനുകള്‍ വെള്ളത്തില്‍ മുങ്ങി; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണമായും മുടങ്ങി

കാസര്‍കോട് : കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ഓര്‍ക്കാട്ടേരി-കുറ്റ്യാടി സബ്‌സ്റ്റേഷനുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണമായും മുടങ്ങി.[www.malabarflash.com]

മഴ കുറഞ്ഞില്ലെങ്കില്‍ ശനിയാഴ്ചയും വൈദ്യുതി മുടങ്ങിയേക്കും. കാസര്‍കോട് ജില്ലയില്‍ കാര്യങ്കോട് പുഴയില്‍ 220 കെ.വി ലൈന്‍ കടന്നുപോകുന്ന സ്ഥലത്ത് വെള്ളവും ലൈനും തമ്മിലുള്ള അകലം കുറവായതിനാല്‍ സിഗ്നല്‍ തടസ്സപ്പെട്ടിട്ടുണ്ടെന്നും ഇതു കാരണം വൈദ്യുതി വിതരണം നടത്താന്‍ കഴിയുന്നില്ലെന്നും പറഞ്ഞു.

കാഞ്ഞിരോടുനിന്ന് അരീക്കോട് വഴിയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് വൈദ്യുതി എത്തുന്നത്. ഓര്‍ക്കാട്ടേരി സബ്‌സ്റ്റേഷന്‍ നേരത്തെതന്നെ വെള്ളം കയറിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിഛേദിച്ചതിനാല്‍ കാഞ്ഞിരോടേക്കുള്ള വിതരണവും നിലച്ചിരുന്നു. 

ചാലിയാര്‍ പുഴയിലൂടെ കടന്നുവരുന്ന ലൈനില്‍നിന്നും സിഗ്നല്‍ തടസ്സപ്പെട്ടതിനാല്‍ വൈദ്യുതി വിതരണം നടത്താന്‍ പ്രയാസമാണെന്ന് അധികൃതര്‍ പറഞ്ഞു. 

കുറ്റ്യാടിയില്‍നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കുറ്റ്യാടി സബ്സ്റ്റേഷനിലും വെള്ളം കയറതിനാല്‍ ആ ശ്രമവും പരാജയപ്പെട്ടു. നല്ലളം വഴി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് വൈദ്യുതി വിതരണം നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് വിജയിച്ചാല്‍ രാത്രിയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. 

കര്‍ണാടക വഴിയുള്ള വൈദ്യുതി എത്തിക്കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയില്ല. മഞ്ചേശ്വരം വരെ മാത്രമാണ് കര്‍ണാടക വഴിയുള്ള വൈദ്യുതി എത്തുന്നത്. മഞ്ചേശ്വരം കുബണൂര്‍-കാസര്‍കോട് ലൈനുകളില്‍ പുതിയ ലൈന്‍ വലിക്കുന്ന പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കര്‍ണാടകയില്‍നിന്നുള്ള വൈദ്യുതി കാസര്‍കോട് ജില്ലയിലെ മറ്റു ഭാഗത്തേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു.

 അതേസമയം ശനിയാഴ്ച സംസ്ഥാനത്തുടനീളം വൈദ്യുതി ഉണ്ടാകില്ലെന്ന പ്രചാരണം ശരിയല്ലെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.