Latest News

ഹജ്ജ് കർമങ്ങൾക്ക് തുടക്കം; മിനാ താഴ്‌വര ജനസാഗരം

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. ഈ വർഷം ഇരുപത് ലക്ഷം ഹാജിമാരാണ് അറഫയിൽ സംഗമിക്കുക. മഗ്‌രിബ് നമസ്കാരത്തോടെ ഹാജിമാർ മിനയിൽ രാപ്പാർക്കാനെത്തി. സുബഹി നമസ്കാരത്തോടെ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി അറഫയിലേക്ക് ഹാജിമാർ നീങ്ങും.[www.malabarflash.com]

മിനയിലെ തമ്പുകളില്‍ രാപാര്‍ക്കുന്ന ഹാജിമാർ അഞ്ചു നേരത്തെ നിസ്കാരങ്ങൾ മിനയിൽ നിന്ന് നിര്‍വഹിക്കും. ശേഷം അറഫാ സംഗമത്തിനു പുറപ്പെടും. അറഫാ സംഗമം അവസാനിച്ച ശേഷം ഹാജിമാർ മുസ്ദലിഫയില്‍ രാപ്പാർത്ത് സുബഹി നമസ്കാര ശേഷം മിനയിലെ ടെന്റുകളിലേക്ക് മടങ്ങും. ഹജ്ജ് കർമ്മങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്നായി ഇതുവരെ 1,849,817 തീർത്ഥാടകരാണ് പുണ്യ ഭൂമിയിലെത്തിയതെന്ന് സഊദി പാസ്സ്‌പോർട്ട് മന്ത്രാലയം അറിയിച്ചു.

ലബ്ബൈക്കയുടെ മന്ത്രധ്വനികൾ ഉരുവിട്ട് മക്കയിൽ നിന്നും എട്ടു കിലോമീറ്റർ അകലെയുള്ള മിനയിലേക്ക് കാൽ നടയായും ബസ്സുകളിലുമാണ് ഹാജിമാർ മിനയിലെത്തിയത്. വിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി ടെന്റുകളിൽ പ്രാര്‍ത്ഥനയിൽ കഴിയുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് ഹാജിമാർ. ഹാജിമാർക്കുള്ള മുഴുവൻ സൗകര്യങ്ങളും മിനായിലെ ടെന്റുകളിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും ഈ വർഷം രണ്ടു ലക്ഷം ഹാജിമാരാണ് ഹജ്ജിനായി എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ബുനാഴ്ചവരെ 190,746 ഹാജിമാരാണ് എത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. ഹാജിമാരെല്ലാം ഉംറ കർമ്മം നിർവഹിച്ചു കഴിഞ്ഞ ശേഷം മിനയിലേക്ക് നീങ്ങിയിട്ടുണ്ട്.

അറഫാ സംഗമത്തിലേക്ക് പോവുന്നതിനായി ഹജ്ജ് മിഷന് കീഴിൽ ഹജ്ജിനെത്തിയ ഹാജിമാരിൽ 74,000 പേർക്കാണ് ഇതുവരെ മഷാഇർ ട്രെയിൻ സൗകര്യം ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള ഹാജിമാർ ബസ് മാർഗ്ഗമാണ് അറഫയിലെത്തുക. മിനായിലെ സൂഖുൽ അറബ് റോഡിനും കിംഗ് അബ്ദുൽ അസീസ് പാലത്തിന് സമീപമാണ് ഇന്ത്യൻ ഹാജിമാരുടെ ടെന്റ് ഒരുങ്ങിയിരിക്കുന്നത്, കൂടാതെ ജംറക്ക് സമീപം ഹജ്ജ് മിഷൻ പ്രത്യേക ഡിസ്പെൻസറിയും, സ്പെഷ്യൽ ഓഫീസും തുറന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നെത്തിയ ഹാജിമാരെല്ലാം സുരക്ഷിരാണെന് ജിദ്ദയിലെ കോണ്‍സുലേറ്റ് അറിയിച്ചു

കനത്ത ചൂടിലാണ് ഈ വർഷത്തെ ഹജ്ജ്. താപനില 40 -42 ഡിഗ്രി വരെയാണ് പുണ്യ നഗരികളിലെ താപനില. ഹജ്ജിന്റെ പൂർണ സുരക്ഷക്കായി പോലീസ്, അര്‍ദ്ധ സൈനിക വിഭാഗം, ഹജ്ജ് സ്‌പെഷല്‍ സേന തുടങ്ങിയ സുരക്ഷാ സൈനികർ മിന-അറഫാ-മുസ്ദലിഫ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.