Latest News

ഹാജിമാര്‍ മിനാ താഴ്‌വരയോട് വിടചൊല്ലി; ഇന്ത്യന്‍ ഹാജിമാര്‍ മടങ്ങിത്തുടങ്ങി

മിന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ പ്രവാചകരുടെ പുണ്യ പാദ സ്പര്‍ശമേറ്റ മിന താഴ്‌വാരയോട് വിടവാങ്ങി. മിനായില്‍ നിന്നും മടങ്ങുന്ന ഹാജിമാരെ ത്വലാഅലിന്റെ ഈരടികള്‍ ചൊല്ലിയാണ് ഹജ്ജ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രയാക്കിയത്.[www.malabarflash.com]

ജംറയില്‍ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മിനാ താഴ്‌വരയോട് യാത്ര ചൊല്ലി വിടവാങ്ങല്‍ ത്വവാഫിനായി ഹറമിലെത്തിയതോടെ മസ്ജിദുല്‍ ഹറമും പരിസരവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഈ വര്‍ഷം 170 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 2,489,406 തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തിയത്. ഇവരില്‍ 1,855,027 പേര് വിദേശികളും 634,379 പേര്‍ ആഭ്യന്തര തീര്‍ത്ഥാടകരുമാരാണ്. വിദേശ തീര്‍ത്ഥാടകരില്‍ 1,741,568 പേര്‍ വിമാനമാര്‍ഗ്ഗവും 96,209 പേര്‍ റോഡുമാര്‍ഗ്ഗവും 17,250 കപ്പല്‍ വഴിയുമാണ് ഹജ്ജിനെത്തിയത്. ഇവരില്‍ 978,987 പേര്‍ പുരുഷന്മാരും 876,040 പേര്‍ സ്ത്രീകളുമാണ്.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തുന്നത്. 2012ല്‍ 3,161,573 പേരാണ് ഹജ്ജിനെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജി സി സി, അറബ് രാജ്യങ്ങള്‍, ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 4.6% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ ഈ വര്‍ഷം 9.9% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആഭ്യന്തര തീര്‍ഥാടകരില്‍ 150,170 പേര്‍ സ്വദേശികളും 98,814 പേര്‍ വിദേശികളുമാണെന്ന് സഊദി സ്റ്റാറ്റിറ്റിക്‌സ് മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കായി 32,978 വാഹന സര്‍വ്വീസുകളാണ് നടത്തിയത്.

ഇന്ത്യയില്‍ നിന്നെത്തിയ മുഴുവന്‍ തീര്‍ഥാടകരും അസീസിയ്യയിലെയും ഹറമിലെയും താമസസ്ഥലത്തെത്തിയിട്ടുണ്ട്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹാജിമാര്‍ വരും ദിവസങ്ങളില്‍ ജിദ്ദ വിമാനത്താവളം വഴി ഇന്ത്യയിലേക്കുള്ള മടക്ക യാത്ര ആരംഭിക്കും. സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജിനെത്തിയ ഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച്ച മുതല്‍ തന്നെ ആരംഭിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.