Latest News

വിറ്റസാധനം തിരിച്ചെടുക്കില്ലെന്ന അറിയിപ്പ് പാടില്ലെന്ന് ഹൈക്കോടതി

ഇടുക്കി: ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന വ്യാപാര സ്ഥാപനങ്ങളിലെ അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി.[www.malabarflash.com] 
ഇത്തരം അറിയിപ്പുകൾക്കെതിരേയുള്ള ഗവ. ഉത്തരവ് റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി (സിയാൽ) സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
എയർപോർട്ട് അതോറിറ്റിയുടെ കാന്റീനിൽനിന്ന്‌ വാങ്ങിയ സാധനങ്ങൾക്ക് നൽകിയ ബില്ലിൽ ‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഗുണമേന്മയില്ലാത്ത ഉത്‌പന്നം മാറി ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ ഉപഭോക്തൃ വിജിലൻസ് ഫോറം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹർജി നൽകിയിരുന്നു. 

പരാതി പരിശോധിച്ച എറണാകുളം ഫോറം, വിജിലൻസ് ഫോറത്തിന്റെ വാദം അംഗീകരിച്ചു. കേസ് നടത്തിപ്പ് ചെലവായി പരാതിക്കാരന് അയ്യായിരം രൂപ നൽകാനും വിധിച്ചു.

ഇതിനെതിരേ സിയാൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകി. സംസ്ഥാന കമ്മീഷൻ അപ്പീൽ തള്ളുകയും കേസ് നടത്തിപ്പ് ചെലവ് പതിനായിരം രൂപയായി വർധിപ്പിക്കുകയും ചെയ്തു. തുടർന്ന് സിയാൽ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയാണ് ഈയിടെ തള്ളിയത്. 

ഇടുക്കി ജില്ലാ കൺസ്യൂമർ വിജിലൻസ് ഫോറം പ്രസിഡന്റ് എം.എൻ.മനോഹർ, സെക്രട്ടറി സെബാസ്റ്റ്യൻ എബ്രഹാം എന്നിവരാണ് ഏഴുവർഷത്തെ നിയമപോരാട്ടം നടത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.