Latest News

ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച​ കാറിടിച്ച്​ മാധ്യമപ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം: സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പ് ഡയറക്​ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ സഞ്ചരിച്ച കാറിടിച്ച്​ മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ്​ പത്രത്തിൻെറ തിരുവനന്തപുരം ബ്യൂറോ ചീഫ്​ കെ. മുഹമ്മദ്​ ബഷീറാണ് (35)​ മരിച്ചത്​.[www.malabarflash.com]

ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തുവെച്ച്​ അമിത വേഗത്തിൽ വന്ന വാഹനം ബഷീറിനെ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധനയിൽ​ വ്യക്​തമായതായി പൊലീസ്​ അറിയിച്ചു.

ബഷീറിൻെറ ബൈക്കിന്​ പിന്നിൽ ശ്രീറാം വെങ്കിട്ടരാമൻെറ കാറിടിക്കുകയായിരുന്നുവെന്നാണ്​ വിവരം. കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ.

വഫ ഫിറോസ്​ എന്ന സ്​ത്രീയുടെ പേരിൽ തിരുവനന്തപുരത്ത്​ രജിസ്​റ്റർ ചെയ്​ത കാറിലാണ്​ വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്​. ശ്രീറാം വെങ്കിട്ടരാമനാണ് കാർ ഓടിച്ചതെന്നും അമിതവേഗത്തിലായിരുന്നെന്നും ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. 

അതേസമയം, കാറിലുണ്ടായിരുന്ന സുഹൃത്തായ സ്ത്രീയാണ്​ കാറോടിച്ചതെന്നാണ്​ ശ്രീറാം വെങ്കിട്ടരാമൻ പോലീസിനോട്​ പറഞ്ഞത്​. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ്​ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്​. പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന നടത്താൻ പോലീസ് തയാറായിട്ടില്ല.

പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമീഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നൽകിയിരുന്നു.

2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ.എം. ബഷീർ പിന്നീട് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി. ഏറെക്കാലം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ യൂനിറ്റ് മേധാവിയായി നിയമിച്ചിരുന്നു.

നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.

പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.