Latest News

ഗുണ്ടാപ്പക; കാണാതായ യുവാവിനെ കൊന്ന്​ കടലിൽ താഴ്​ത്തിയെന്ന്​ പ്രതികൾ

അമ്പലപ്പുഴ: പുന്നപ്രയിൽനിന്ന്​ കാണാതായ ഗുണ്ട കാകൻ മനു എന്ന മനുവിനെ കൊന്ന് കടലിൽ താഴ്ത്തിയെന്ന് പിടിയിലായ പ്രതികൾ. സ്ഥിരീകരിക്കാനാകാതെ പോലീസ്.[www.malabarflash.com]

പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവെളിയിൽ മനുവിനെയാണ്​ (28) കഴിഞ്ഞ 19 മുതൽ പറവൂരിൽനിന്ന്​ കാണാതായത്. പിതാവ് മനോഹരൻ 21ന് പുന്നപ്ര പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് തൈപ്പറമ്പിൽ അപ്പാപ്പൻ പത്രോസ് (പത്രോസ് ജോൺ -28), വടക്കേ തൈയ്യിൽ സനീഷ് (സൈമൺ -29) എന്നിവരെ പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയിൽ ഓമനക്കുട്ടൻ (ജോസഫ് -19), പനഞ്ചിക്കൽ വിപിൻ (ആൻറണി സേവ്യർ -28) എന്നിവരുമായി ചേർന്ന്​ ബിയർ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം പറവൂർ ഗലീലിയ കടലിൽ കല്ലുകെട്ടി മൃതദേഹം താഴ്ത്തിയതായി വെളിപ്പെടുത്തിയത്. മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ച പൊലീസ്, മറ്റ് രണ്ട് പ്രതികൾക്കായും അന്വേഷണം ഊർജിതമാക്കി.

മനുവും പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാപ്പകയാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആഗസ്​റ്റ്​ 19ന്​ രാത്രി 9.30നാണ്​ സംഭവം. പറവൂരിലെ ബാറിൽനിന്ന്​ സംഘം മദ്യപിച്ച്​ പുറത്തിറങ്ങുമ്പോൾ മനു കയറിവരുന്നത്​ കണ്ട്​ ഓമനക്കുട്ടൻ തടഞ്ഞുനിർത്തി. സൈമൺ മർദിച്ചു. നിലത്തുവീണ മനുവിനെ വീണ്ടും മർദിച്ചു. ഇതിനുശേഷം ഇരുവരും വീണ്ടും ബാറിൽക്കയറി. ബിയറുമായി പുറത്തുവരുമ്പോൾ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് ഇവരുടെ സ്കൂട്ടറിന്​ സമീപംനിന്ന്​ മനു ഫോണിൽ സംസാരിക്കുന്നത്​ കണ്ടു. മനു സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയാണെന്ന്​ കരുതി നാലുപേരും ചേർന്ന് തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു.

സ്കൂട്ടറിൽ രണ്ടുപേർ ചേർന്ന് മൃതദേഹം ഗലീലിയ തീരത്ത്​ കൊണ്ടുവന്നു. ഒരാൾ സ്കൂട്ടറിൽ തിരിച്ചെത്തി മറ്റ് രണ്ടുപേരെക്കൂടി അവിടെ എത്തിച്ചു. നാലുപേരും ചേർന്ന്​ കല്ലിൽ കയറുകെട്ടി മൃതദേഹം പൊങ്ങുവള്ളത്തിൽ കയറ്റി കടലിൽ അഞ്ചടി താഴ്ചയുള്ള ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലീസിനോട് പറഞ്ഞത്.

നാലുപേരുടെയും വസ്ത്രങ്ങൾ തീരത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് തെളിവ്​ നശിപ്പിച്ചു. വസ്ത്രങ്ങൾ കത്തിച്ചതെന്ന് പറയുന്ന സ്ഥലത്തെ മണ്ണും കത്തിയ അവശിഷ്​ടങ്ങളും ഫോറൻസിക് വിഭാഗം ശേഖരിച്ചു. ആക്രമിക്കാൻ ഉപയോഗിച്ചതായി പറയുന്ന ഇഷ്​ടികയും പൊട്ടിയ ബിയർകുപ്പിയും പരിശോധനക്ക്​ എടുത്തിട്ടുണ്ട്. ഫോറൻസിക് വിഭാഗം ജില്ല ഓഫിസർ വി. ചിത്ര, ബിജു എന്നിവർ പരിശോധന നടത്തി.

ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, സൗത് സി.ഐ കെ.എൻ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പിടിയിലായ പ്രതികളെ കോടതി റിമാൻഡ്​ ചെയ്തു.

പ്രതികളെക്കുറിച്ച സൂചന ലഭിച്ചത് ബാറിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളിൽനിന്ന്​. കൊല്ലപ്പെട്ട മനു 19ന് പറവൂരിൽ എത്തിയതായ വിവരം മാതാപിതാക്കൾ പോലീസിന്​ നൽകിയതി​ന്റെ  അടിസ്ഥാനത്തിലാണ് പുന്നപ്ര എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ പറവൂരിലെ ബൊനാൻസ ബാറിലെ കാമറകൾ പരിശോധിക്കുന്നത്.

സംഭവദിവസം രാത്രി 9.30ഓടെ മനു ബാറിന്റെ  തെക്ക് ഭാഗത്തുള്ള ചവിട്ടുപടിയിലൂടെ മുകളിലത്തെ നിലയിലേക്ക് കയറുന്നതിനിടയിൽ താഴേക്ക്​ ഇറങ്ങിവരുകയായിരുന്ന ഓമനക്കുട്ടൻ തടഞ്ഞുനിർത്തി.
കൂടെ ഉണ്ടായിരുന്ന സൈമൺ മർദിച്ചു. നിലത്തുവീണ മനു ഗേറ്റിന് പുറത്തേക്ക് പോയി. ഈ സമയം ബാറിനകത്തുപോയി ഓമനക്കുട്ടൻ ബിയർ കുപ്പികളുമായി പുറത്തുവന്നു. ഇരുവരും ചേർന്ന് മനുവിനെ മർദിച്ച്​ അവശനാക്കിയതിനുശേഷം ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത്​ കൊണ്ടുവന്നും മർദിച്ചു. ഇവിടെനിന്നും ടൂവീലറിൽ വട്ടം കിടത്തി ബീച്ച് റോഡിലൂടെ കൊണ്ടുപോകുന്നതും ബാറിന്​ മുന്നിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്.

റോഡിൽനിന്നും മനുവി​ന്റെ  മൊബൈൽ പോലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് പ്രതികളെ കുറിച്ച സൂചന ലഭിക്കുന്നത്.
ഇരുവരെയും പോലീസ് കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ കാണിച്ചതിനുശേഷമാണ് കുറ്റം ഏറ്റത്.

മണിക്കൂറുകളോളം ദേശീയപാതയോരത്ത് ഒരാളെ മർദിക്കുന്നത് പലരും കണ്ടെങ്കിലും പോലീസിനെ അറിയിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ബാറിൽ ഗുണ്ടകൾ തമ്മിൽ അക്രമം നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരും പോലീസിനെ അറിയിച്ചില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.