Latest News

കര്‍ക്കട തെയ്യങ്ങളുടെ അപൂര്‍വ്വ സംഗമം; പഞ്ഞമാസത്തെ പടിയിറക്കി തെയ്യങ്ങള്‍ വിടവാങ്ങി

ദുരിതങ്ങള്‍ പേമാരിയായി പെയ്തിറങ്ങിയ പഞ്ഞമാസത്തെ പടിയിറക്കാനെത്തിയ കര്‍ക്കിടക തെയ്യങ്ങളുടെ സംഗമം ഒരപൂര്‍വ്വതയായി. കര്‍ക്കടകം മറഞ്ഞ് ചിങ്ങം പിറക്കുന്ന സംക്രമദിവസമായ ശനിയാഴ്ച രാവിലെയാണ് അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായിരു മടിയന്‍ കൂലോം ക്ഷേത്രമുറ്റത്ത് ആടിമാസ തെയ്യങ്ങളുടെ സംഗമം നടന്നത്.[www.malabarflash.com] 

ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ തെയ്യങ്ങളുടെ ദേശാടനത്തിന് സമാപനം കുറിച്ചാണ് ഈ ചടങ്ങ്. രാവിലെ ക്ഷേത്രനടയിലെത്തിയ തെയ്യങ്ങളെ ചങ്ങലവട്ടയില്‍ തിരികത്തിച്ചു വച്ച് പ്രധാന പൂപ്പറിയന്‍ വരവേറ്റു. 

മടിയന്‍ കൂലോത്തെ പ്രധാന അച്ഛന്‍മാരും, ട്രസ്റ്റി അംഗങ്ങളും കൂലോത്തെ പ്രധാന തെയ്യമായ ക്ഷേത്രപാലകന്റെ കോലക്കാരനായ ആചാരക്കാരന്‍ ചിങ്കവും നാട്ടുകാരും സന്നിഹിതരായിരുന്നു. 

ഭണ്ഡാരം കാഴ്ചകണ്ട് മഞ്ഞക്കുറി തൊട്ട് അധികാരികളോട് അനുവാദം ചോദിച്ചതിനുശേഷമാണ് തെയ്യങ്ങള്‍ ക്ഷേത്രനടയില്‍ ഒന്നിച്ച് ആടിയത്. 

കര്‍ക്കടകമൊഴിഞ്ഞ് ചിങ്ങം പിറക്കുന്ന സംക്രമരാശിയില്‍ ആടിയൊഴിയാനെത്തുന്ന ആടിയും വേടനും ക്ഷേത്രനടയില്‍ത്തന്നെ ആടുമ്പോള്‍ കോപ്പാള വിഭാഗക്കാര്‍ കെട്ടുന്ന ഗളിഞ്ചന്‍തെയ്യത്തിന് മതില്‍കെട്ടിന് പുറത്ത് ആടാന്‍ മാത്രമേ അനുവാദമുള്ളൂ. കര്‍ക്കടക സംക്രമ ദിനത്തില്‍ മൂന്ന് തെയ്യങ്ങളും അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ ആടണമെന്ന അലിഖിത നിയമം പണ്ടുകാലം മുതല്‍ക്കുള്ളതാണെന്ന് പഴയതലമുറയില്‍ പെട്ടവര്‍ പറയുന്നു. 

രാജാധികാരവും സ്വരൂപവും നാടുനീങ്ങിപ്പോയിട്ടും ആചാരങ്ങള്‍ ഇന്നും തുടരുകയാണ്. കര്‍ക്കടകതെയ്യങ്ങളുടെ സംഗമം കാണാന്‍ നിരവധി പേര് മടിയന്‍ കൂലോത്തെത്തിയിരുന്നു. കൂലോത്തെ ആട്ടം കഴിഞ്ഞ് പ്രദേശത്തെ പ്രധാന തറവാടുകളായ കണ്ണച്ചംവീട്, തായത്ത് വീട്, കേക്കടവന്‍ തറവാട്, പാറ്റേന്‍ വീട്, ചന്ദച്ചം വീട്, പൈനിങ്ങാല്‍ പയങ്ങപ്പാടന്‍ തറവാട്, പൂച്ചക്കാടന്‍ വീട്, മീത്തല്‍ വീട്, എന്നിവിടങ്ങളില്‍ ഒന്നിച്ച് ആടിയതിനുശേഷം മറ്റ് വീടൂകളിലെത്തി ആടി. 

തറവാടുകളില്‍ അന്തിത്തിരിയന്‍മാര്‍ തെയ്യങ്ങളെ വരവേറ്റു. വീട്ടുമുറ്റങ്ങളിലെത്തിയ തെയ്യങ്ങളെ തീരാദുരിതങ്ങള്‍ പടിയിറങ്ങിപ്പോകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് മുത്തശ്ശിമാര്‍ ഗുരുസി ഉഴിഞ്ഞ് മറിച്ച് അരിയും നെല്ലും പണവും നല്‍കി യാത്രയാക്കി. 

അനുഷ്ഠാനപരമായ കെട്ടിയാടലിന്റെ രൂപവൈവിദ്ധ്യവും ആട്ടവും നിറഞ്ഞതായിരുന്നു ഓരോ കര്‍ക്കടകത്തെയ്യവും. കര്‍ക്കിടകപ്പിറവി അറിയിച്ചുകൊണ്ട് ജില്ലയിലെ കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രത്തിലും ആടിമാസത്തെയ്യങ്ങളായ വേടന്‍, ഗളിഞ്ചന്‍, ആടി തെയ്യങ്ങളുടെ സംഗമം നടത്താറുണ്ട്. കുണ്ടംകഴി പഞ്ചലിംഗേശ്വരക്ഷേത്രത്തിലും മടിയന്‍ കൂലോത്തും എത്തുന്ന തെയ്യങ്ങള്‍ സംഗമത്തിനുശേഷം സ്ഥലത്തെ പ്രധാന തറവാടുകളില്‍ ആടിയതിനുശേഷം മാത്രമേ മറ്റു വീടുകളിലേക്ക് വേടനാട്ടം നടത്താന്‍ പോവുകയുളുളൂ. 

വറുതിക്കാലത്ത് തെയ്യം കലാകാരന്‍മാരുടെ വീടുകളിലെ പട്ടിണി അകറ്റാനും കര്‍ക്കടകതെയ്യങ്ങള്‍ നിമിത്തമാവുന്നു. പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനുള്ള സുഖസമൃദ്ധിയുടെ കാലം പുലരുന്നതിന് കാത്തിരിക്കാന്‍ ജനതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അസ്തമയത്തോടെ ആടിയും വേടനും ഗളിഞ്ചനും കോലമഴിച്ച് വിടവാങ്ങും. അടുത്ത കര്‍ക്കടകത്തില്‍ വീണ്ടും വരാമെന്ന മൗനമൊഴിയോടെ.
-പ്രഭാകരന്‍ കാഞ്ഞങ്ങാട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.