Latest News

വിവാഹപ്പന്തൽ ഒരുങ്ങേണ്ട വീടിനെ കണ്ണീരിലാഴ്ത്തി കൊലപാതകം, ഞെട്ടൽ മാറാതെ നാട്ടുകാർ

കായംകുളം: വിവാഹവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കായി വീടിനു സമീപമൊരുക്കിയ സൽക്കാരത്തിൽ മദ്യം തികയാതെ വന്നതിനെത്തുടർന്ന് രാത്രി ബാറിലെത്തിയ സംഘവും ബാറിനു സമീപം കാറിലിരുന്ന് മദ്യപിക്കുകയായിരുന്നവരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പ്രതിശ്രുത വരനെ കാർ കയറ്റി കൊലപ്പെടുത്തി.[www.malabarflash.com]

കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരയ്ക്കൽ താജുദീന്റെ മകൻ ഷമീർ ഖാൻ (25) ആണ് ദാരുണമായി മരിച്ചത്. ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയശേഷം തലയിൽക്കൂടി കാർ കയറ്റിയിറക്കുകയായിരുന്നു. 

സംഭവത്തിൽ കണ്ണമ്പള്ളിഭാഗം വലിയ വീട്ടിൽ ഷിയാസിനെ (21) പോലീസ് പിൻതുടർന്ന് പിടികൂടി. ഇയാളുടെ കൂടെയുള്ള രണ്ടുപേർക്കായി തെരച്ചിൽ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ ദേശീയപാതയ്ക്ക് സമീപമുള്ള കായംകുളം ഹൈവേ പാലസ് ബാറിന് വടക്കുവശം സർവീസ് റോഡിലായിരുന്നു സംഭവം.

പോലീസ് പറയുന്നത്: കൊല്ലപ്പെട്ട ഷമീർ ഖാൻ മൂന്നാഴ്ച മുമ്പാണ് സൗദിയിൽ നിന്ന് അവധിയിലെത്തിയത്. അടുത്ത മാസം എട്ടിന് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സുഹൃത്തുക്കളായ വിഷ്ണു, സച്ചിൻ, സുധീഷ്, പ്രവീൺ, സനൂപ്, രജിത്ത് എന്നിവർക്കായി വീടിന് സമീപം ബാച്ചിലർ പാർട്ടി ഒരുക്കി. മദ്യം തികയാതെ വന്നതോടെ സുധീഷും പ്രവീണും ഒഴികെയുള്ളവർ രാത്രി പതിനൊന്നരയോടെ രണ്ട് ബൈക്കുകളിലായി ബാറിന് മുന്നിലെത്തി. ബാറിന്റെ ഗേറ്റ് അടച്ചിരുന്നു. സെക്യൂരിറ്റിയോട് മദ്യം ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. പ്രതികളായ ഷിയാസ്, അജ്മൽ (20), സഹീൽ (19) എന്നിവർ ഈ സമയം ഗേറ്റിനുപുറത്ത് കാറിൽ ഇരുന്ന് മദ്യവും കഞ്ചാവും ഉപയോഗിക്കുകയായിരുന്നു. ഇനി മദ്യം കിട്ടില്ലെന്നും സ്ഥലം വിടാനും ഇവർ പറഞ്ഞതോടെ വാക്കു തർക്കവും സംഘർഷവുമായി.

സംഘർഷത്തിനിടയിൽ ഷമീർ ഖാനെ അജ്മൽ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. തുടർന്ന് കാർ റിവേഴ്സ് എടുത്ത് തലയിലൂടെ കയറ്റിയിറക്കി ഓടിച്ചുപോയി. തല തകർന്ന് റോഡിൽക്കിടന്ന ഷമീർ ഖാനെ കായംകുളത്തുനിന്നു പോലീസ് എത്തിയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 

രാത്രി പത്തര വരെ ഷമീർ ഖാൻ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് മാതാവ് നസീമ പറഞ്ഞു. സഹോദരൻ: അക്ബർ ഷാ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.