Latest News

ബഷീറിന്റെ മരണം; കേസെടുക്കാന്‍ വൈകിയ സംഭവം, പോലീസ് വാദങ്ങള്‍ പൊളിച്ച് സി സി ടി വി ദൃശ്യം

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക ഘട്ടത്തില്‍ അന്വേഷിച്ച മ്യൂസിയം പോലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.[www.malabarflash.com]

അപകടത്തിനിടയാക്കിയ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന്റെ രക്തസാമ്പിള്‍ എടുക്കാന്‍ വൈകിയത് പരാതിക്കാരനായ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചെയര്‍മാന്‍ സെയ്ഫുദ്ദീന്‍ ഹാജി പരാതി നല്‍കാന്‍ വൈകിയതു കാരണമാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 

എന്നാല്‍, സംഭവം നടന്ന് 59 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി സി ടി വി ദൃശ്യങ്ങളാണ് മാതൃഭൂമി ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്‌. 1.01നാണ് അപകടം നടന്നതായി സി സി ടി വിയില്‍ തെളിയുന്നത്. 1.02ന് മ്യൂസിയം പോലീസ് സംഘം സംഭവ സ്ഥലത്തെത്തുന്നുണ്ട്.

ദൃക്‌സാക്ഷിയായ ബൈക്ക് യാത്രക്കാരനെ പോലീസ് ഒഴിവാക്കി വിടുന്നതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്. ബഷീര്‍ ഓടിച്ചിരുന്ന ബൈക്കിന്റെ പുറകെ വന്ന ബൈക്കുകാരനെ സംഭവ ശേഷം പോലീസ് ഒഴിവാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബഷീറിനും പുറകെ വന്ന ബൈക്ക് യാത്രക്കാരനും പുറകിലായി ശ്രീറാം ഓടിച്ചിരുന്ന വാഹനം അതിവേഗത്തില്‍ എത്തുന്നതായും ഇടതു ഭാഗത്തേക്ക് ഒതുക്കി നിര്‍ത്തുന്ന ബഷീറിന്റെ ബൈക്കില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

അപകടം നടന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ആരാണെന്ന ആശയക്കുഴപ്പം ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ശ്രീറാമിനെതിരെ കേസ് എടുക്കുന്നത് വൈകിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, വാഹനമോടിച്ചിരുന്നത് ആരാണെന്ന് കൃത്യമായി പോലീസിന് തന്നെ മനസ്സിലാകുന്ന വിധത്തിലാണ് വീഡിയോ ദൃശ്യങ്ങളുള്ളത്. 

ശ്രീറാമിന് ജാമ്യം അനുവദിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പോലീസിന് ആദ്യമുണ്ടായ ആശയക്കുഴപ്പവും പരാതി നല്‍കാന്‍ വൈകിയതുമാണ് രക്തസാമ്പിള്‍ എടുക്കാന്‍ ഒമ്പത് മണിക്കൂറോളം വൈകാനിടയാക്കിയതെന്ന് ബോധിപ്പിച്ചിരുന്നു. പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹൈക്കോടതിയെ പോലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.