കാസർകോട‌്: പൊതുഗതാഗത സംവിധാനം തകർക്കുന്ന റോഡ‌് സുരക്ഷാ ബില്ലിനെതിരെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന‌് കെഎസ‌്ആർടിഇഎ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]
കെഎസ‌്ആർടിസി ഉൾപ്പെടെയുള്ള രാജ്യത്തെ പൊതുഗതാഗത മേഖലയെ പൂർണമായും തകർത്ത‌് കോർപറേറ്റ‌് കമ്പനികളെ ഏൽപിക്കാനാണ‌് കേന്ദ്ര നീക്കം. ദേശസാൽകൃത റൂട്ടുകളും അന്തർസംസ്ഥാന റൂട്ടുകളും മലയോര മേഖലയിലേക്ക‌് ലാഭനഷ്ടം നോക്കാതെ ഓടിക്കുന്ന സർവീസുകളും കെഎസ‌്ആർടിസിക്ക‌് അന്യമാകുന്ന കാലം വിദൂരമല്ല. ഈ നയത്തിനെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവുമുയരണം. പൊതുജനങ്ങളുടെ യാത്രാവകാശം സംരക്ഷിക്കാനുള്ള ബദൽ സംവിധാനം ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ‌്ആർടിസി കാസർകോട‌് ഡിപ്പോയിലെ മാലിന്യപ്രശ‌്നത്തിന‌് ശാശ്വത പരിഹാരം കാണുക, കാഞ്ഞങ്ങാട‌്﹣-പാണത്തൂർ, കുമ്പള﹣-മുള്ളേരിയ റൂട്ടുകളിൽ ചെയിൻ സർവീസ‌് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.
കാസർകോട‌് മുനിസിപ്പൽ കോൺഫറൻസ‌് ഹാളിലെ വി വിശ്വനാഥമേനോൻ നഗറിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ സമ്മേളനം ഉദ‌്ഘാടനം ചെയ‌്തു. എം സന്തോഷ‌് അധ്യക്ഷനായി. പി വി രതീശൻ രക്തസാക്ഷി പ്രമേയവും കെ പ്രദീപ‌്കുമാർ അനുശോചന പ്രമേയവും രശ‌്മി നാരായണൻ വരവു- ചെലവ‌് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹരികൃഷ‌്ണൻ സംഘടനാ റിപ്പോർട്ടും മോഹൻകുമാർ പാടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ, അസോസിയേഷൻ ഓർഗനൈസിങ‌് സെക്രട്ടറി ഇ സുരേഷ‌്, സംസ്ഥാന സെക്രട്ടറി സജിത്ത‌് സദാനന്ദൻ, വൈസ‌് പ്രസിഡന്റ‌് എം ലക്ഷ‌്മണൻ, എം വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. മോഹൻകുമാർ പാടി സ്വാഗതവും സി ബാലകൃഷ‌്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി വി രതീശൻ (പ്രസിഡന്റ‌്), എം വി കുഞ്ഞിരാമൻ, പി ജയചന്ദ്രൻ, കെ എം ബാലകൃഷ‌്ണൻ, കെ പ്രദീപ‌്കുമാർ (വൈസ‌് പ്രസിഡന്റ‌്), എം സന്തോഷ‌് (സെക്രട്ടറി), എം എസ‌് കൃഷ‌്ണകുമാർ, കെ ആർ ബിജു, സി ബാലകൃഷ‌്ണൻ, ആർ ജി കമ്മത്ത‌്, വി പ്രസാദ‌് (ജോയിന്റ‌് സെക്രട്ടറി), രശ‌്മി നാരായണൻ (ട്രഷറർ).
No comments:
Post a Comment