Latest News

വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന യുവാക്കള്‍ പിടിയില്‍

കൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളത്തിൽ അനധികൃത സ്വർണവുമായി വന്നിറങ്ങിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ വയനാട് മീനങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ.[www.malabarflash.com]

മീനങ്ങാടി കരണിയിലെ പടിക്കൽവീട്ടിൽ അസ്‌കർ അലി (24), പുള്ളാർക്കുടിയിൽ പ്രവീൺ, തെക്കേയിൽ ഹർഷൽ (25) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ്‌ചെയ്തത്. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലായ് നാലിനാണ് കേസിനാസ്‌പദമായ സംഭവം. കൊണ്ടോട്ടി സ്വദേശിയായ യുവാവ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനു വേണ്ടിയാണ് ഷാർജയിൽ നിന്ന് ശരീരത്തിനകത്താക്കി പൊടി രൂപത്തിൽ ലക്ഷങ്ങളുടെ സ്വർണം കടത്തിയത്.

ഇയാൾ സ്വർണവുമായി വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഉടനെ, കാറിൽ കയറ്റിയ സംഘം സ്വർണം കൈക്കലാക്കിയശേഷം യുവാവിനെ മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയായ അറപ്പുഴ പാലത്തിനുസമീപം ഉപേക്ഷിച്ചു.

യുവാവ് ബന്ധപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തിയ കൊടുവള്ളിയിലെ സംഘം യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെയും കർണാടകയിലെയും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി നഷ്ടപ്പെട്ട സ്വർണം ആവശ്യപ്പെട്ട് പീഡിപ്പിച്ചു. ഒരാഴ്ചകഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് ഈമാസം ആദ്യമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകിയത്.

കൊണ്ടോട്ടി ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചും സൈബർവിങ്ങിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലുമാണ് ഇവർ പിടിയിലായത്.

വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായവർ. പത്തോളംപേർക്ക് സംഭവത്തിൽ പങ്കുള്ളതായാണ് പോലീസിന് ലഭിച്ച സൂചന. നേരത്തേ നിരവധിപേരിൽനിന്ന് കള്ളക്കടത്ത് സ്വർണം സംഘം തട്ടിയെടുത്തിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ, കവർച്ച, വധഭീഷണി തുടങ്ങിയവയ്ക്കാണ് ഇവർക്കെതിരേ കേസടുത്തിട്ടുള്ളത്.

ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, എ.എസ്.ഐ. ശ്രീരാമൻ, രാജേഷ്, മുഹമ്മദ് ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.