Latest News

പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പൻ ഇടതുമുന്നണി സ്ഥാനാർഥി

കോട്ടയം∙ പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ ജോസഫ്, ജോസ് കെ.മാണി പക്ഷങ്ങളുടെ പോര് രൂക്ഷമാകുന്നതിനിടെ ഒരു മുഴം മുൻപേ എറിഞ്ഞ് എൽഡിഎഫ്. പാലായിൽ മാണി സി.കാപ്പനെ മത്സരിപ്പിക്കാൻ തീരുമാനമായി.[www.malabarflash.com] 

എന്‍സിപി നേതൃത്വമാണു തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് യോഗത്തിനു ശേഷം നടത്തും.

പാലാ കെ.എം.മാണിയുടെ സ്വന്തം മണ്ഡലമായിരുന്നത് യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും വാശിയേറിയ പോരാട്ടത്തിനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകൾക്കുള്ള സാധ്യത ഇടതുമുന്നണിയോ മല്‍സരിക്കുന്ന എന്‍സിപിയോ തള്ളിക്കളയുന്നില്ല. എന്നാല്‍ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം എന്‍സിപിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
ജോസ് കെ. മാണിയും പി.ജെ.ജോസഫും തമ്മില്‍ കൂടുതല്‍ ഇടഞ്ഞാല്‍ യുഡിഎഫ് വോട്ടുകള്‍ ചോരുമെന്നാണ് ഇടതുമുന്നണി കണക്കു കൂട്ടുന്നത്. ലോക്സഭയിലുണ്ടായ കനത്ത പരാജയത്തില്‍നിന്നു മുക്തരാവാന്‍ വിജയമോ നില മെച്ചപ്പെടുത്തലോ പാലായില്‍ ഇടതുമുന്നണിക്ക് അനിവാര്യമാണ്.
കഴിഞ്ഞ തവണ കെ.എം.മാണിയുടെ ഭൂരിപക്ഷം നാലായിരത്തിലേക്കു കുറയ്ക്കാന്‍ മാണി സി കാപ്പനു കഴിഞ്ഞുവെന്നത് ഇടതുക്യാംപിന് ആശ്വാസമാകുന്ന ഘടകമാണ്. 

നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസിലെ ഒരു വിഭാഗവും തങ്ങളെ തുണയ്ക്കുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.