Latest News

വിവാഹവേദിയായി ദുരിതാശ്വാസ ക്യാംപ്; ആശംസകളുമായി നാടൊന്നാകെ

കല്‍പ്പറ്റ: പ്രളയദുരന്തത്തിന്റെ വിഷമതകള്‍ക്കിടയിലും വിവാഹസുദിനത്തിന്റെ മംഗളകര്‍മത്തിനു സാക്ഷിയായി ദുരിതാശ്വാസ ക്യാംപ്. വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ മാറിത്താമസിച്ച മേപ്പാടി ചൂരല്‍മല സ്വദേശിനി ജുമൈലത്തിന്റെ മകള്‍ റാബിയയുടെ വിവാഹമാണ് മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ നടന്നത്.[www.malabarflash.com] 

മുന്‍ നിശ്ചയിച്ച തിയ്യതിക്കു തന്നെ, അതെവിടെയാണെങ്കിലും വിവാഹം നടത്താന്‍ വരന്‍ പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫി സന്നദ്ധനായതോടെയാണ്, ദുരിതാശ്വാസ ക്യാംപ് വിവാഹവേദിയായി മാറിയത്. ഒപ്പം ആശംസകളുമായി ജില്ലാ കലക്്ടര്‍ എ ആര്‍ അജയകുമാറും സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഇരട്ടി സന്തോഷമായി. 

ക്യാംപിലെ സന്തോഷ നിമിഷങ്ങള്‍ കലക്ടര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ എല്ലാവരും കൈയടിക്കുകയും ചെയ്തു. ക്യാംപിലും പുറത്തുമുള്ള ആയിരത്തോളം പേര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണവും നല്‍കിയിരുന്നു.
അപ്രതീക്ഷിതമായെത്തി ഉരുള്‍പൊട്ടലില്‍ ജീവനും കൊണ്ട് രക്ഷപ്പെട്ട ചൂരല്‍മല സ്വദേശി ജുമൈലത്തിന്റെ മകളാണ് റാബിയ. ഉരുള്‍പൊട്ടലിലും പ്രളയത്തിലും ഇവരുടെ വീടിനും നാശനഷ്ടമുണ്ടായി. മകളുടെ വിവാഹത്തിനു വേണ്ടി സ്വരൂപിച്ച പുതുവസ്ത്രങ്ങളും പണവുമെല്ലാം നശിച്ചു. വെറുംകൈയോടെ വീട് വിട്ടിറങ്ങി മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയപ്പോള്‍ മകള്‍ റാബിയയുടെ വിവാഹത്തെ കുറിച്ചായിരുന്നു ജുമൈലത്തിന്റെ ആശങ്കയത്രയും. 

ആഗസ്ത് 18നാണ് വിവാഹചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സ്വരുക്കൂട്ടി വച്ചതെല്ലാം പ്രളയം കവര്‍ന്നതോടെ ജുമൈലത്തും മകളും സങ്കടക്കടലിലായി. ഭര്‍ത്താവ് മരണപ്പെട്ട ശേഷം കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയ ജുമൈലത്തിന്റെ ഏറ്റവും വലിയ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു മകളുടെ വിവാഹം.
ഇത് നടക്കാതെയാവുമോയെന്ന ആശങ്കയ്ക്കിടയിലാണ്, എന്തായാലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്ന് വരന്‍ മുഹമ്മദ് ഷാഫി ഉറപ്പുനല്‍കിയത്. തൊട്ടുപിന്നാലെ സന്നദ്ധ സംഘടനകളും സുമനസ്സുകളും സഹായവുമായെത്തി. വ്യാഴാഴ്ച രാവിലെ മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. ക്യാംപിലുള്ളവര്‍ക്കും അതിഥികള്‍ക്കുമെല്ലാം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. 

നവദമ്പതികള്‍ക്ക് ആശംസ നേരാന്‍ ജില്ലാ കലക്ടറും മുതിര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം എത്തിയതോടെ, വീട്ടിലെ വിവാഹത്തേക്കാള്‍ കെങ്കേമമായി മാറി. ''ഇങ്ങനെയാണ് നമ്മള്‍ അതിജീവിക്കുന്നത്. ഏതൊരു ദുരന്തത്തിനും തകര്‍ക്കാന്‍ കഴിയാത്ത ശക്തിയാണിത്. നവദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങള്‍ എല്ലാവരുടെയും ആശംസകള്‍ ഉണ്ടാവണം ഇവര്‍ക്ക്. ഇവര്‍ നമ്മുടെ കുട്ടികളല്ലേ... എന്ന അടിക്കുറിപ്പോടെ ജില്ലാ കലക്്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തതോടെ പ്രളയം തോറ്റുപോയ വികാരമായിരുന്നു എല്ലാവര്‍ക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.