തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് മാനേജ്‌മെന്റ്.[www.malabarflash.com]
കെ എം ബഷീറിന്റെ ഫോണ്‍ കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അതില്‍ വിശദമായ അന്വേഷണം വേണമെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധിയും തിരുവനന്തപുരം യൂനിറ്റ് മാനേജരുമായ സയ്ഫുദ്ദീന്‍ ഹാജി ആവശ്യപ്പെട്ടു.
കെ എം ബഷീറിന്റെ മൊബൈല്‍ കാണാതായത് ദുരൂഹമാണ്. ഫോണ്‍ കണ്ടെടുത്താല്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സിറാജ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.
പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് എഫ്‌ഐആര്‍ തയാറാക്കുന്നതിന് തടസമായതെന്ന് പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിറാജ് മാനേജ്‌മെന്റ് തള്ളി. അപകടം നടന്ന ദിവസം പുലര്‍ച്ചെ 3.30 മുതല്‍ സയ്ഫുദ്ദീന്‍ ഹാജി സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും പോലിസ് മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അതിന് ശേഷം 7.26നാണ് പോലിസ് രേഖകളില്‍ മൊഴി രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.
ബഷീര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനുറ്റോളം സംസാരിച്ചിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം മ്യൂസിയം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ ബഷീറിന്റെ ഫോണിലേക്ക് വിളിക്കുമ്പോള്‍ 1.53 ന് ഒരു പുരുഷന്‍ ഫോണ്‍ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു.
No comments:
Post a Comment