Latest News

പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച യു.എ.ഇ.യില്‍

ദുബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് പ്രധാനമന്ത്രി എത്തുന്നത്.[www.malabarflash.com]

യു.എ.ഇ യിലെ പരിപാടികള്‍ക്ക് ശേഷം 24, 25 തിയ്യതികളില്‍ മോദി ബഹ്റൈനും സന്ദര്‍ശിക്കും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്റൈന്‍ സന്ദര്‍ശനമാണ് ഇത്. അവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്. 

ഇന്ത്യയിലെ ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ഏപ്രില്‍ ആദ്യം യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന പ്രഖ്യാപനം വന്നത്. ശൈഖ് മുഹമ്മദായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡണ്ടുമായ ശൈഖ് സായിദിന്റെ സ്മരണാര്‍ത്ഥമുള്ളതാണ് സായിദ് മെഡല്‍. ഇന്ത്യയും യു.എ.ഇ യും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു യു.എ.ഇ പുരസ്‌കാരം പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി യു.എ.ഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. ശനിയാഴ്ച ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്ക് പോകുന്ന മോദി അവിടെ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആദരസൂചകമായി ബഹ്റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിക്കും. മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റില്‍ നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ യിലെത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഫിബ്രവരിയിലും മോദി യു.എ.ഇയിലെത്തി. ദുബൈയില്‍ നടന്ന ലോക ഗവര്‍മെന്റ് ഉച്ചകോടിയിലെ മുഖ്യാതിഥിയായിട്ടായിരുന്നു ഈ സന്ദര്‍ശനം. 2017-ലെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ അബുദാബി കിരീടാവകാശിയായിരുന്നു വിശിഷ്ടാതിഥി. 

ഓഗസ്ത് 23 ന് വെളളിയാഴ്ച വൈകീട്ടോടെ മോദി അബുദാബിയിലെത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച വൈകീട്ട് ബഹ്റൈനിലേക്കും പോകുമെന്നാണ് സൂചന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.