Latest News

ഇനി താജിന്റെ രാത്രി ഭംഗി എല്ലാവര്‍ക്കും ആസ്വദിക്കാം

ന്യൂഡല്‍ഹി: എല്ലാ വിനോദസഞ്ചാരികള്‍ക്കും സൂര്യാസ്തമയത്തിനുശേഷം താജ്മഹല്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാന്‍ ഒരുങ്ങി കേന്ദ്രം ടൂറിസം മന്ത്രാലയം. നിലവില്‍ ഒരു മാസത്തിലെ അഞ്ച് രാത്രികളില്‍ പ്രത്യേകം അനുമതിയുള്ള സഞ്ചാരികള്‍ക്ക് മാത്രമാണ് താജ്മഹല്‍ തുറന്നുനല്‍കിയിരുന്നത്.[www.malabarflash.com]

രാവിലെ 10:00 മുതല്‍ വൈകിട്ട് 6:00 വരെയാണ് നിലവിലെ പ്രവേശന സമയം. ഇത് ഒന്‍പത് മണി വരെ ദീര്‍ഘിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

രാത്രികാലങ്ങളില്‍ താജ്മഹല്‍ തുറന്നിടണമെന്ന് ആവശ്യപ്പെട്ട് ധാരാളം അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ടൂറിസം സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

താജിന് ചുറ്റുമുള്ള പ്രദേശത്ത് വെളിച്ച സംവിധാനമൊരുക്കാനും രാത്രി തിരക്ക് നേരിടാന്‍ ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ടൂറിസം മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു മാസത്തില്‍ അഞ്ച് ദിവസങ്ങളിലാണ് താജിന്റെ മനോഹരമായ രാത്രി ദൃശ്യം ലഭിക്കുക. പൂര്‍ണ്ണചന്ദ്ര രാത്രിയിലും, പൂര്‍ണ്ണചന്ദ്രന് മുമ്പും ശേഷവുമുള്ള രണ്ട് രാത്രികളിലുമാണിത്. ഈ രാത്രികളില്‍ 400 വിനോദസഞ്ചാരികളെ മാത്രമേ താജില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ. 50 ആളുകളുടെ 8 ബാച്ചുകളായാണ് പ്രവേശനം. 

മുതിര്‍ന്നവര്‍ക്ക് 510 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് 500 രൂപയും വിദേശികള്‍ക്ക് 750 രൂപയും നല്‍കണം. പ്രതിദിനം ശരാശരി 22,000 പേരാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. പ്രതിവര്‍ഷ കണക്കെടുത്താല്‍ ഇത് ദശലക്ഷക്കണക്കിന് വരും.

ഇന്ത്യയിലുടനീളമുള്ള 10 പ്രശസ്തമായ സ്മാരകങ്ങളുടെ സന്ദര്‍ശന സമയം സൂര്യോദയം മുതല്‍ രാത്രി 9 വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജരാണി ക്ഷേത്ര സമുച്ചയം (ഒഡീഷ), ദുല്‍ഹാദിയോ ക്ഷേത്രം, ഖജുരാഹോ (മധ്യപ്രദേശ്), ഷെയ്ഖ് ജില്ലി മഖ്ബറ (ഹരിയാന), സഫ്ദര്‍ജംഗ് ദര്‍ഗ (ദില്ലി), കര്‍ണാടകയിലെ പട്ടാകക്കല്‍, ഗൊല്‍ ഗംബാസ സ്മാരകങ്ങള്‍, ക്ഷേത്രങ്ങളുടെ കൂട്ടമായ മര്‍ക്കണ്ട, ചാമുര്‍സി (മഹാരാഷ്ട്ര), മാന്‍ മഹല്‍, വൈധശാല (ഉത്തര്‍പ്രദേശ്), റാണി കി വാവ് (ഗുജറാത്ത്) എന്നിവയാണ് രാത്രി തുറന്നുനല്‍കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.