Latest News

അതിവേഗ റെയിൽ പാതയ്ക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് കാസർകോട് എത്താവുന്ന അതിവേഗ റെയിൽ ഇടനാഴി പദ്ധതിക്ക് (സെമി ഹൈസ്പീഡ് റെയിൽ) മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.[www.malabarflash.com] 

പാരീസ് ആസ്ഥാനമായ സിസ്ട്ര സമർപ്പിച്ച സാദ്ധ്യതാ പഠന റിപ്പോർട്ടിനും അലൈൻമെന്റും അംഗീകരിച്ചു. 530 കിലോമീറ്റർ ദൂരത്തിൽ സെമി ഹൈസ്‌പീഡ് ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ മൂന്നും നാലും പാത എന്നത് സംസ്ഥാനത്തിന്റെ മുൻഗണനാ പട്ടികയിലുള്ളതാണ്. 

മണിക്കൂറിൽ ശരാശരി 180 മുതൽ 200 കിലോമീറ്റർ വരെ വേഗത്തിൽ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകൾ നിർമ്മിക്കാനാണുദ്ദേശം. പദ്ധതിക്ക് റെയിൽവെ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ അഞ്ചു വർഷത്തിനകം നടപ്പാക്കാമെന്നാണ് പ്രതീക്ഷ.
കാസർകോടിനും തിരൂരിനുമിടയിൽ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകൾ നിർമ്മിക്കുക. തിരൂർ മുതൽ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയിൽ നിന്ന് മാറി ജനവാസം കുറഞ്ഞ മേഖലകളിലൂടെയാവും പുതിയ പാതകൾ.
കേരള റെയിൽ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഭൂമി ഏറ്റെടുക്കുന്നതിനടക്കം 66,079 കോടി രൂപയാണ് ചെലവ്. ആറു വരി ദേശീയപാതയുടേതിന് തുല്യമായ എണ്ണം യാത്രക്കാരെ ഉൾക്കൊള്ളാൻ ഇരട്ടവരി റെയിൽ ഇടനാഴിക്ക് കഴിയും. ആകെ 1200 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും.
റെയിൽ ഇടനാഴി നിർമ്മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരം ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കും. അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്കു സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. നദികളിലും മറ്റുമായി നിർമ്മിക്കുന്ന പാലങ്ങളിൽ റോഡ് ഒഴിവാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.