Latest News

നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകു, തുഷാറിന്റെ കേസില്‍ ഇടപെട്ടിട്ടില്ലെന്ന് യൂസഫലി

ദുബൈ: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി.[www.malabarflash.com]
തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് കേസില്‍ തനിക്കുള്ള ഏക ബന്ധമെന്നും അതല്ലാതെ ഈ കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു.എ.ഇ.യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യു.എ.ഇ.യില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാകില്ലന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു.എ.ഇ.യുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളു എന്നും യൂസഫിലിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഇതിനിടെ ചെക്ക് കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന്‍ കോടതി തള്ളിയിരുന്നു.

സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് സ്വന്തം പാസ്പോര്‍ട്ട് വാങ്ങി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാര്‍ ശ്രമിച്ചിരുന്നത്. ഇനി വിചാരണ പൂര്‍ത്തിയാക്കി കുറ്റവിമുക്തനായാല്‍ മാത്രമേ തുഷാറിന് മടങ്ങാനാകൂ. അല്ലെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കണം.

കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. തുഷാറിന് യാത്രാവിലക്കും ഉണ്ട്. പാസ്പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചിരുന്നു.

കേസില്‍ പത്ത് ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം രൂപ) യൂസഫലി കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം ലഭിച്ചിരുന്നത്. 10 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 19 കോടി രൂപ) ചെക്ക് കേസിലാണ് തുഷാറിനെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്. 

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.