Latest News

വാമനയുടെ മാസ്റ്റര്‍ പീസ്‌ മൈസൂർ പാക്ക്

പത്തായിരത്തിലധികം പേർ പങ്കെടുത്ത ഉദുമയിലെ ഒരു വിവാഹ സത്ക്കാരവേദി. ഈ വേദിയുടെ തെക്ക് കിഴക്കേ മൂലയിൽ തുറന്ന അടുക്കളയൊരുക്കി ചുറ്റു വട്ടം ശ്രദ്ധിക്കാതെ വലിയ ചീനച്ചട്ടിയിൽ ഇരുമ്പ് ചട്ടുകo നിർത്താതെ ഇളക്കി കൊണ്ടിരിക്കുന്ന യുവാവിനെ കൗതുകത്തോടെ നോക്കുന്ന നാട്ടുകാർ.[www.malabarflash.com]

തുറന്ന അടുക്കളയിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഈ യുവാവിന്റെ പാചക നൈപുണ്യത്താൽ ഒരു മണിക്കൂറിനുള്ളിൽ 500 കഷണo മൈസൂർപാക്ക് രൂപപെടുന്നത് കണ്ടു നിൽക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.

അത്ര മധുരമില്ലാത്ത തന്റെ ജീവിതം കെട്ടിപ്പടുക്കാൻ മറ്റുള്ളവർക്ക് മധുരo വിളമ്പുന്ന കുമ്പള നായ്ക്കാപ്പിലെ വാമന രുചിയും, മധുരവും മായവുമില്ലാത്ത മൈസൂർപ്പാക്ക് ഉണ്ടാക്കുന്നതിൽ കേമനാണ്.

12 വർഷമായി മൈസൂർപ്പാക്ക് ഉണ്ടാക്കുന്നതില്‍ സ്പെഷ്യലൈസ് ചെയ്തിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ കണ്ണൂർ, കസർകോട് ജില്ലകളിലെയും, തെക്കൻ കർണാടകയിലേയും വമ്പൻ വിവാഹ സത്ക്കാരവേദികളിൽ വാമനന്റെ തുറന്നപാചകപ്പുര ഉണ്ടാകാറുണ്ട്.

ഉദുമയിൽ 8500 കഷണം മൈസൂർ പാക്കാണ് വാമനൻ തത്സമയം തയ്യാറാക്കിയത്. അടുത്ത കാലത്ത് മംഗ്ലൂരുവിലെ ഒരു വിവാഹ ചടങ്ങിന് 25000 കഷണം ഉണ്ടാക്കിയതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നിർമിതി.

മൈസൂർ പാക്ക് ഉണ്ടാക്കുന്ന വിധം:
500 ക്ഷണം മധുരമാണ് ഒരു തവണ തയ്യാറാക്കുന്നത്. ഇതിന് ഒന്നര കിലോ കടലമാവ് വേണം. കൂടാതെ നാല് കിലോ പഞ്ചസാര നാല് ലിറ്റർ പാമോയിൽ അല്ലെങ്കില്‍ സൺ ഫ്ലവർ ഓയിൽ എന്നിവയാണ് ആവശ്യമുള്ള മറ്റു വസ്തുക്കൾ.

പഞ്ചസാരയിൽ ഒരു ലിറ്റർ വെള്ളം ഒഴിച്ച് ചെറുചൂടിൽ ഉരുക്കും. പഞ്ചസാര പാവ് വിരലുകൾക്കിടയിൽ ഒറ്റക്കമ്പി പരുവത്തിൽ വലിയുന്ന ഘട്ടമാകുമ്പോൾ അടുപ്പിൽ നിന്നിറക്കി വെക്കും. എണ്ണയും ചെറുചൂടിൽ മുക്കാൽ ഭാഗം വരെ തിള വരുന്ന അവസ്ഥയിൽ തീ ഒഴിവാക്കി സ്റ്റൗവിൽ തന്നെ വയ്ക്കും.

തയ്യാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര പാവിലേക്ക് കടലമാവ് ചേർത്ത് കട്ട ഉടയുന്നതുവരെ ഇളക്കണം. പിന്നീട് അടുപ്പിൽ വെച്ചിട്ടുള്ളതില്‍ നിന്ന് അര ലിറ്റർ തിളച്ചു തുടങ്ങിയ എണ്ണ ഒഴിക്കും. ഈ എണ്ണ വറ്റാൻ തുടങ്ങുന്ന മുറക്ക് വീണ്ടും അര ലിറ്റർ ചേർക്കും. മൂന്നാം തവണയും അര ലിറ്റർ എണ്ണ ചേർക്കും. പിന്നീട് എണ്ണയുടെ അളവ് ഓരോ തവണയും കറച്ചു കൊണ്ടുവരും. ഈ സമയമത്രയും ചെറുചൂടിൽ വേവുന്ന കടലമാവ് ഇടമുറിയാതെ ഇളക്കി കൊണ്ടിരിക്കണം.

എണ്ണമയം ചീനച്ചട്ടിയിൽ കാണാൻ തുടങ്ങുന്നതു വരെ എണ്ണയൊഴിച്ച് ഇളക്കി കൊണ്ടിരിക്കും. ഏകദേശം മുക്കാൽ മണിക്കൂർ ആകുമ്പേഴേക്കും മാവ് വെന്ത് അച്ചിൽ നിറയ്ക്കാൻ പറ്റുന്ന പരുവത്തിലാക്കും. കുഴമ്പിനേക്കാൾ കട്ടിയുള്ള മാവ് ചീനച്ചട്ടിയോടെ മേശപ്പുറത്തു വെച്ചിട്ടിള്ള അച്ചിലേക്ക് കുടഞ്ഞിടും. വിടവുകൾ അവശേഷിക്കാത്ത വിധത്തിൽ ഉടൻ തന്നെ മാവ് അച്ചിൽ നിരത്തി മുകൾഭാഗം ലെവൽ ചെയ്യും.

ആറ് മിനിറ്റു കഴിയുമ്പോൾ അച്ചിൽ വെച്ചു തന്നെ കത്തി ഉപയോഗിച്ചു മുറിച്ച് ചെറുകഷണങ്ങളാക്കും. 10 മിനിറ്റ് തികയുന്നതിന് മുമ്പ് അച്ചു മാറ്റി കഷണങ്ങളാക്കിയ മൈസൂർ പാക്ക് പാത്രത്തിലേക്ക് മാറ്റും.

കഷണങ്ങളാക്കിയ മൈസൂർ പാക്ക് അച്ചിൽ നിന്നും പാത്രത്തിലേക്ക് മാറ്റാൻ വൈകിയാൽ ഉള്ളിലെ ചൂടുമൂലം പലഹാരം അച്ചില്‍ ഇരുന്ന് കരിഞ്ഞു പോകുമെന്ന് വാമനൻ വിശദീകരിച്ചു. ഉണ്ടാക്കിയ ഉടൻ ഉപയോഗിക്കുന്നുവെങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ചും ഇതുണ്ടാക്കം.വെളിച്ചെണ്ണയിൽ ഉണ്ടാക്കിയത് കൂടുതല്‍ ദിവസം സൂക്ഷിച്ചാൽ കനച്ച രുചി ഉണ്ടാകും.

ചേരുവകള്‍ക്കൊപ്പം അല്പം മൈദ ചേർത്താൽ പാചകം ചെയ്തെതെടുത്ത പലഹാരം കഷണമാക്കുമ്പോൾ ഉടഞ്ഞുപോകുന്നത് ഒഴിവാക്കാമെന്നാണ് വാമനന്റ അഭിപ്രായം. മൈസൂർ പാക്കിന്റെ വലുപ്പം കുറയാതിരിക്കാനുo ഇദ്ദേഹം അൽപo മൈദമാവ് ചേർക്കാറുണ്ട്.

സ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, മുന്നോട്ടുള്ള ജീവിതംവഴിമുട്ടിയപ്പോൾ 25 വര്‍ഷം മുന്‍പ് ഉപ്പളയിലെ ഒരു ബേക്കറിയിൽ അടിച്ചുവാരാൻ പോയ പയ്യനാണ് ഇപ്പോൾ നക്ഷത്ര തിളക്കമുള്ള വിവാഹവേദികളിൽ ലൈവായി മധുരപലഹാരമുണ്ടാക്കി ശ്രദ്ധ നേടുന്നത്.

കുമ്പളയിലെ സദാത്ത് ബേക്കറിയിലെ മധുര പലഹാര നിർമാണത്തിനിടയിൽ നിന്നാണ് ബെംഗ്ലൂരുവിനും കോഴിക്കോടിനു മിടയിലെ വമ്പന്‍ കല്യാണ വേദികളുടെ മൂലയിൽ തുറന്ന അടുക്കള ഒരുക്കി മധുരം വിളമ്പാൻ വാമനനെത്തുന്നത്.

ഭാര്യ ഉഷ, മംഗ്ലൂരുവിൽ പ്ലസ് വണ്ണിന് പഠിക്കുന്ന മകൾ കൃതിക, ഇളയ മകൾ ദീക്ഷ എന്നിവർക്കൊപ്പം കുമ്പള മുജം കാവ് ക്ഷേത്രത്തിന് സമീപമുള്ള ദേവീകൃപയിലാണ് താമസo.

മൈസൂർപാക്ക്, ലഡു, ജിലേബി, തുടങ്ങിയവ വീട്ടിലുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇദ്ദേഹത്തെ വിളിച്ച് പാചകരീതികളും ഉപദേശവും തേടാം. ഫോണ്‍ 9020566135
*********
-ബാബു പാണത്തുര്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.