Latest News

ഇറാഖിൽ അഷൂറ ദിനത്തിൽ തിരക്കിൽപ്പെട്ട് 31 പേർ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

ബാ​ഗ്ദാദ്: പുണ്യദിനമായ അഷൂറയിൽ ഇറാഖിലെ കർബലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 31 പേർ മരിച്ചു. കര്‍ബലയിലെ ഷിയ ആരാധനാലയത്തിലാണ് അപകടം നടന്നത്. വിശ്വാസികള്‍ ആരാധനാലയത്തിലേക്ക് പോകുന്നതിനിടെ നടപ്പാതയുടെ ഒരുഭാ​ഗം തകർന്നു വീഴുകയായിരുന്നു.[www.malabarflash.com]

സംഭവത്തിൽ നൂറോളം പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. ബാഗ്ദാദില്‍നിന്നും നൂറുകിലോമീറ്റർ അകലെയുള്ള പ്രദേശമാണ് കര്‍ബല. ഷിയ വിഭാഗത്തിന് പവിത്രമായ ഒരു മതാചാരദിനമാണിന്ന്. ഇതിൽ പങ്കെടുക്കുന്നതിനായി നിരവധി ആളുകളാണ് കര്‍ബലയിൽ എത്തിച്ചേർന്നിരുന്നത്. നടപ്പാത തകർന്ന് വീണതോടെ ആളുകൾ പരിഭ്രാന്തരായി ഓടിയതാണ് അപകടത്തിന്‍റെ ആഘാതം കൂടാൻ ഇടയാക്കിയതെന്ന് അഷൂറ അധികൃതർ പറഞ്ഞു.

ഷിയാ മുസ്ലീങ്ങളുടെ ഒരു വിശുദ്ധ ദിനമായ അഷൂറ മുഹറം കഴിഞ്ഞാണ് ആഘോഷിക്കുന്നത്. എ ഡി 680-ൽ പ്രവാചകൻ മുഹമ്മദിന്‍റെ പൗത്രനായ ഇമാം ഹുസൈനെ കർബലയ്ക്കടുത്ത് വച്ച് സൈന്യം കൊലപ്പെടുത്തിയ ദിവസമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അഷൂറ, പാപങ്ങൾ കഴുകിക്കളയാനുള്ള ദിവസമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഷിയാകളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.