Latest News

ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരള ഗവര്‍ണര്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു കൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.[www.malabarflash.com]

യു പിയിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ആരിഫ് ഖാന്‍ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഭാരതീയ ക്രാന്തി ദള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1980ല്‍ കാണ്‍പൂരില്‍ നിന്നും 84ല്‍ ബഹ്‌റൈച്ചില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭയിലെത്തി. 

മുത്വലാഖ്, ഷാബാനു കേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 1986 ല്‍ പാര്‍ട്ടി വിട്ടു. പിന്നീട് ജനതാദളില്‍ ചേര്‍ന്നു. ജനതാദളിനെ പ്രതിനിധീകരിച്ച് 1989ല്‍ വീണ്ടും ലോക്‌സഭാംഗമായി. ദള്‍ സര്‍ക്കാറിന്റെ കാലത്ത് വ്യോമയാന-ഊര്‍ജ വകുപ്പ് മന്ത്രിയായി.

ജനതാദള്‍ വിട്ട് ബി എസ് പിയിലേക്കും തുടര്‍ന്ന് ബി ജെ പിയിലേക്കും പോയി. 2004ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായി കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബി ജെ പിയോടും വിട പറഞ്ഞ ആരിഫ് ഖാന്‍ 15 വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

മറ്റു ചില സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ മുന്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയ ആണ് പുതിയ ഗവര്‍ണര്‍. നിലവില്‍ ഹിമാചല്‍ ഗവര്‍ണറായ കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയെ മഹാരാഷ്ട്രയുടെയും തമിഴ്നാട് ബി ജെ പി അധ്യക്ഷന്‍ തമിലിസൈ സൗന്ദര്‍രാജനെ തെലങ്കാനയുടെയും ഗവര്‍ണറായി നിയമിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.