Latest News

അധികൃതര്‍ പൂട്ടി സീല്‍ വെച്ച കെട്ടിടവും സ്ഥലവും പിന്‍വാതിലിലൂടെ നിയമ വിധേയമാക്കാന്‍ നീക്കം

പള്ളിക്കര: അനധികൃത നിര്‍മാണമായതിനാല്‍ റവന്യൂ അധികൃതര്‍ പൂട്ടി സീല്‍ വെച്ച കെട്ടിടവും സ്ഥലവും പിന്‍വാതിലിലൂടെ നിയമ വിധേയമാക്കാന്‍ പള്ളിക്കര പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുയാണെന്ന് ആക്ഷേപം.[www.malabarflash.com]

ബേക്കല്‍ ഹദ്ദാദ്ദ് നഗറില്‍ ഒരു വര്‍ഷം മുമ്പ് ചിലര്‍ ചേര്‍ന്ന് റവന്യൂ ഭൂമി കൈയ്യേറി രാത്രിക്ക് രാത്രി 400 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവുള്ള കെട്ടിടം നിര്‍മ്മിച്ചിരുന്നു. സംഭവം വിവാദമായതോടെ റവന്യൂ അധികൃതര്‍ ഈ കെട്ടിടീ മുദ്ര വെക്കുകയും നിര്‍മിതി അനധികൃതമായതിനാല്‍ കണ്ടു കെട്ടുന്നതായി അറിയിച്ച് ആര്‍.ഡി.ഒ. നോട്ടീസു പതിക്കുകയും ചെയ്തിട്ടുണ്ട്. 

പിന്നീട് ഈ കെട്ടിടം പൊതുമരാമത്തുവകുപ്പിന്റെ സ്ഥലത്താണന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിറകെ അനധികൃതമായി നിര്‍മിച്ച ഈ കെട്ടിടം എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരില്‍ വായനശാലക്ക് വേണ്ടി വിട്ടുകിട്ടന്നതിന് ബന്ധപ്പെട്ട വകുപ്പിനോട് പഞ്ചായത്ത് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ ഭരണ സമിതിക്ക് നിവേദനം നല്കിയിരുന്നു.
പള്ളിക്കര പഞ്ചായത്ത് ഭരണ സമിതിയുടെ ബുധനാഴ്ച നടക്കാനിരിക്കുന്ന യോഗത്തിന്റെ 24 മത്തെ അജന്‍ഡയായി ഈ വിഷയം ഉള്‍പ്പെടുത്തുകയായിരുന്നു.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ കോടതികള്‍ വാളെടുത്തു കൊണ്ടിരിക്കെ പള്ളിക്കര പഞ്ചായത്തു ഭരണ സമിതി കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
കൈയ്യേറ്റങ്ങള്‍ക്ക് കെട്ടിട നമ്പറടക്കമുള്ളവ അനുവദിക്കാതിരിക്കേണ്ട പഞ്ചായത്തു തന്നെ അനധികൃത നിര്‍മാണം നിയമവിധേയമാക്കാന്‍ ശ്രമിച്ചാല്‍ സര്‍വശക്തിയുമപയോഗിച്ചു തടയുമെന്നും, ഒപ്പം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷത്തുള്ള യു.ഡി.എഫ്.അംഗം എം.സുന്ദര പറഞ്ഞു.
സ്ഥലം ലീസിനു വിട്ടുകിട്ടുന്നതിനായി ബന്ധപ്പെട്ട വകുപ്പിനോട് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയവര്‍ ആ പ്രദേശത്തെ പൊതുപ്രവര്‍ത്തകരായാതിനാല്‍ തങ്ങള്‍ ഇത് അജണ്ടയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുക്കേണ്ടത് ഭരണ സമിതി യോഗമാണെന്ന് പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.