Latest News

ആര്‍ എസ് എസ് മാതൃകയില്‍ സംഘടനയെ ഉടച്ച് വാര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: താഴെതട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി സംഘടനാ സംവിധാനത്തില്‍ കാതലമായ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് പദ്ധതി. ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനത്തെയും പ്രവര്‍ത്തന രീതികളെയും മാതൃകയാക്കി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് നീക്കം.[www.malabarflash.com]
പ്രേരക്മാരെ നിയമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാരെ ചുമതലപ്പെടുത്താനാണ് നീക്കം. ഇവര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായിരിക്കും. ഈ മാസം അവസാനത്തിനുള്ളില്‍ പ്രേരക്മാരെ നിര്‍ദേശിക്കാന്‍ പി സി സികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. 

കഴിഞ്ഞ മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. അസമില്‍ നിന്നുള്ള നേതാവ് തരുണ്‍ ഗോഗോയി മുന്നോട്ട് വച്ച നിര്‍ദേശത്തെ മറ്റുള്ളവര്‍ പിന്താങ്ങുകയായിരുന്നു.

രാജ്യം മുഴുവന്‍ വേരോട്ടമുള്ള കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ഇന്ന് വളരെ ദുര്‍ഭലമാണ്. പല സംസ്ഥാനങ്ങളിലും താഴെക്കിടയില്‍ പ്രവര്‍ത്തനം നടക്കുന്നില്ല. മുകള്‍തട്ടിലെ ആള്‍ക്കൂട്ടം മാത്രമായി പാര്‍ട്ടി ചുരുങ്ങി. ഒരുകാലത്ത് പാര്‍ട്ടി ശക്തിദുര്‍ഗമായ ഹിന്ദി ഹൃദയ ഭൂമി ഇന്ന് ബി ജെ പി കോട്ടകളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാര്‍ലിമെന്റ് മണ്ഡലമുള്ള ഉത്തര്‍പ്രേദേശില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലതികമായി കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ്. ദക്ഷിണേന്ത്യയിലും സ്ഥിതി മറിച്ചല്ല. ഈ ഒരു സാഹചര്യത്തിലാണ് സംഘടനാ സംവിധാനത്തില്‍ കാതലായ ഒരു മാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്.

രണ്ട് എം പിമാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പിയെ ഇന്ന് കാണുന്ന രീതിയിലേക്ക് രാഷ്ട്രീയമായും സംഘടനാപരമായും വളര്‍ത്തിയത് ആര്‍ എസ് എസാണെന്നത് വസ്തുതയാണ്. ആശയപരമായി കടുത്ത വിയോജിപ്പ് നിലനിര്‍ത്തുമ്പോള്‍ പോലും ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനവും കേഡര്‍ സ്വഭാവവും എതിരാളികള്‍ പോലും സമ്മതിക്കുന്നതാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.