Latest News

യു.എ.ഇയ്ക്ക് ഇത് ചരിത്ര നേട്ടം; ബഹിരാകാശത്ത് കാലുകുത്തി ഹസ്സ അല്‍ മന്‍സൂരി

ദുബൈ : യു.എ.ഇ ചരിത്രത്തിലെ അഭിമാനകരമായ നിമിഷത്തിലൂടെയാണ് ബുധനാഴ്ച കടന്ന് പോയത്. രാജ്യത്തെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടുന്ന സംഘം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലിറങ്ങി.[www.malabarflash.com]

കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായാണ് സോയുസ് എം.എസ് 12 പേടകം യാത്ര തിരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തി.

ഞങ്ങളുടെ ഹസ്സ അവിടെയുണ്ട്. അദ്ദേഹത്തെ കൂടെ നിര്‍ത്തുക – ദുബൈയിലെ യു.എ.ഇ യുടെ സ്പേസ് സെന്ററില്‍ നിന്ന് ഇന്റര്‍നാഷനല്‍ സ്പെയ്സ് സെന്ററിലേക്ക് അയച്ച സന്ദേശത്തിന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഹസ്സയുടെ മറുപടി എത്തി. ‘ഇവിടെ മനോഹരമായ കാഴ്ചകളാണ് ഞാന്‍ കാണുന്നത്. ഭൂമിയിലെ സൂര്യോദയവും അസ്തമയവുമൊക്കെ ഉള്‍പ്പെടെയുള്ള കാഴ്ചകള്‍. എന്നോടൊപ്പം നിങ്ങളൊക്കെ ഉണ്ടാവണമായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. രാഷ്ട്രനേതാക്കള്‍ക്കും ജനതക്കും എന്റെ അഭിവാദ്യങ്ങള്‍’- എന്നായിരുന്നു ഹസ്സയുടെ മറുപടി സന്ദേശം.

ബുധനാഴ്ച രാത്രി പ്രാദേശിക സമയം 11.42നായിരുന്നു ആദ്യ ഇമറാത്തി ഗവേഷകന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചേര്‍ന്നത്. ഒക്ടോബര്‍ നാല് വരെ അദ്ദേഹം അവിടെ തുടരും. പത്ത് ദിവസത്തെ ദൗത്യത്തിലുടനീളം ഹസ്സ അല്‍ മന്‍സൂരി 16 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും.

20 ബില്യണ്‍ ദിര്‍ഹത്തിന്റേതാണ് യു.എ.ഇ ബഹിരാകാശ പദ്ധതി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് യു.എ.ഇ യുവതയുടെ സര്‍ഗശേഷി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ബഹിരാകാശ സഞ്ചാരം പ്രഖ്യാപിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.