Latest News

പുതുതായി തുടങ്ങുന്ന ആസ്പത്രിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ 2.60 കോടി തട്ടി; ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍: പുതുതായി തുടങ്ങുന്ന ആസ്പത്രിയില്‍ ഷെയര്‍ വാഗ്ദാനംചെയ്ത് ഡോക്ടറില്‍ നിന്ന് 2.60 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com] 

ചെറുവത്തൂരിലെ കെ.എ.എച്ച് ആസ്പത്രിയിലെ ഡോക്ടര്‍ ടി.കെ മുഹമ്മദലിയുടെ പരാതിയില്‍ പടന്നയിലെ അബ്ദുല്‍ അസീസ് (50), ഭാര്യ സഫൂന അസീസ് (40), കണ്ണൂര്‍ സ്വദേശി ഷാജു ശ്രീധരന്‍(35), കോഴിക്കോട്ടെ ആര്‍കിടെക്ടര്‍ വിനോദ് എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

ചീമേനി പഞ്ചായത്തിലെ കൊടക്കാട് പൊള്ളപ്പൊയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്ദേശിച്ച മെഡിസിറ്റി കെയര്‍ എന്ന ആസ്പത്രിയുടെ നിര്‍മാണത്തിന് വേണ്ടി ഭൂമി വാങ്ങുന്ന ആവശ്യത്തിലേക്കാണ് ഡോക്ടര്‍ മുഹമ്മദലി രണ്ട് കോടി രൂപ നിക്ഷേപിച്ചത്. ഇതിന് പുറമെ ആസ്പത്രി ഷെയറായി 60 ലക്ഷം രൂപയും നല്‍കി. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു. പ്രതികളും മുഹമ്മദലിയും കമ്മിറ്റിയില്‍ അംഗങ്ങളാണ്.

ഇതിനിടെ ആസ്പത്രി നിര്‍മ്മാണത്തിനായി പൊള്ളപൊയിലില്‍ വാങ്ങിയ സ്ഥലം ഡോ. മുഹമ്മദലി അറിയാതെ പ്രതികള്‍ മറിച്ചുവിറ്റുവെന്നാണ് കേസ്. ചെറുവത്തൂരിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.