Latest News

കാറിന്റെ ഡോർ തകർത്ത് ബാഗ് മോഷ്ടിച്ച കള്ളനെ പിടിച്ച് ഐഫോൺ താരമായി

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിനു സമീപം നിർത്തിയിട്ട കാറിൽ നിന്നു കവർച്ച ചെയ്യപ്പെട്ട ബാഗും രേഖകളും ഉടമയുടെ ഐഫോണിന്റെ സഹായത്തോടെ മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടെങ്കിലും ആധാർ കാർഡ് ഉൾപ്പെടെയുള്ളവ തിരിച്ചുകിട്ടി.[www.malabarflash.com]

ബഹറിനിൽ ജോലി ചെയ്യുന്ന തളിപ്പറമ്പ് വടക്കാഞ്ചേരി റോഡിലെ സി.വി.ഹരിദാസന്റെ കാറിൽ നിന്നാണു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ക്ഷേത്രത്തിനു മുൻപിലുള്ള റോഡിൽ രാത്രി നിർത്തിയിട്ട കാറിന്റെ ഡോർലോക്ക് തകർത്താണു സീറ്റിനടിയിൽ നിന്നു ബാഗ് കവർന്നത്.

ഹരിദാസന്റെയും ഭാര്യയുടെയും ഗൾഫിലെ തിരിച്ചറിയൽ– തൊഴിൽ കാർഡുകൾ, എടിഎം കാർ‍ഡ്, ആധാർ കാർഡുകൾ, 20000 രൂപ എന്നിവയും 2 ഫോണുകളുമാണു ബാഗിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നെങ്കിലും ഐഫോ‍ൺ സൈലന്റ് മോ‍‍ഡിലായിരുന്നു. 

അടുത്ത ദിവസം ഗൾഫിലേക്കു തിരിച്ചു പോകാനിരിക്കെയാണു ദമ്പതികളുടെ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടത്. പരിഭ്രാന്തരായ ദമ്പതികളെ നാട്ടുകാർ ആശ്വസിപ്പിച്ചു പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ സൈബർ സെല്ലിന്റെ സേവനം ലഭിക്കാത്തതു തിരിച്ചടിയായി. ബാഗിലുള്ള ഐഫോൺ ഹരിദാസിന്റെ ലാപ്ടോപ് കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിരുന്നു.

ലാപ്ടോപ് കൊണ്ടുവന്നു ഫോണിന്റെ ലൊക്കേഷൻ നോക്കിയപ്പോൾ പൂക്കോത്തുനടയ്ക്കു സമീപം ഉണ്ടെന്നു മനസ്സിലായി. തുടർന്നു പോലീസിന്റെ സഹായത്തോടെ ലൊക്കേഷൻ പിന്തുടർന്നു. മണിക്കൂറുകളോളം ശ്രമിച്ച ശേഷം രാത്രി പന്ത്രണ്ടരയോടെ പോലീസ് സ്റ്റേഷനു പിറകിൽ കോടതിക്കു സമീപത്തെ നഴ്സറി സ്കൂളിന്റെ ഗേറ്റിനുള്ളിൽ നിന്നു ലൊക്കേഷൻ ലഭിച്ചു. അവിടെ പരിശോധിച്ചപ്പോഴാണ് ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പണം നഷ്ടപ്പെട്ടെങ്കിലും കാർഡുകളും ഫോണുകളും ഭദ്രമായി ബാഗിലുണ്ടായിരുന്നു.

തുടർന്നു പോലീസ് ക്ഷേത്ര പരിസരത്തെ ക്യാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കവർച്ചാ ശ്രമത്തിനിടയിൽ കാറിന്റെ അലാം മുഴങ്ങിയപ്പോൾ മാറി നിന്ന മോഷ്ടാക്കൾ അൽപം കഴിഞ്ഞു വീണ്ടുമെത്തി ബാഗ് കവരുകയായിരുന്നു. ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ കാറിന്റെ ഗ്ലാസ് തകർത്തോ ലോക്ക് പൊളിച്ചോ 15 തവണയാണു തളിപ്പറമ്പ് ടൗണിൽ കവർച്ച നടന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.