Latest News

കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് വിവിധ പഠന റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: നിലവിൽ പെയ്യുന്ന കനത്ത മഴ സംസ്ഥാനത്തിന്റെ ജലക്ഷാമം പരിഹരിക്കാൻ പ്രയോജനപ്പെടില്ലെന്നും കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയാണെന്നും വിവിധ പഠന റിപ്പോർട്ടുകൾ.[www.malabarflash.com]

ഇപ്പോൾ പെയ്യുന്ന കനത്ത മഴ മാറിയാൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നാണ് പഠനങ്ങൾ പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ ആറ് മാസത്തിലേറെ നീളുന്ന കടുത്ത വരൾച്ചയെ കേരളം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ. പതിവിന് വിപരീതമായി മഴയുടെ സ്വഭാവത്തിലടക്കം ഇത്തവണ അനുഭവപ്പെട്ട കാര്യമായ വ്യതിയാനമാണ് ഇത്തരമൊരു പ്രവചനത്തിന്റെ അടിസ്ഥാനം.

നേരത്തേ ചെറിയ തോതിലുള്ള മഴയാണ് കേരളത്തിൽ വ്യാപകമായി ലഭിച്ചിരുന്നത്. ഇങ്ങനെ പെയ്യുന്ന മഴ മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുകയും ഇത് സംസ്ഥാനത്തിന്റെ ജലക്ഷാമം പരിഹരിക്കാൻ പര്യാപ്തവുമായിരുന്നു. എന്നാൽ തുള്ളിക്കൊരു കുടമെന്ന രീതിയിൽ വലിയ അളവിൽ പെയ്യുന്ന പെരുമഴ ഭൂമിയിലേക്കിറങ്ങാതെ കുത്തിയൊഴുകി പോകുന്നതിനാൽ മഴക്കാലം പിന്നിടുന്നതോടെ സംസ്ഥാനത്ത് ജലക്ഷാമം അനുഭവപ്പെടുമെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.

ശക്തിയായി പെയ്ത് പെട്ടെന്ന് അവസാനിക്കുന്ന ഈ മഴ തോരുന്നതോടെ വെള്ളം മണ്ണിന്റെ ഉപരിതലത്തിലൂടെ ഒഴുകിപ്പോവുകയാണ് ചെയ്യുക. ഇത് വരൾച്ചക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനങ്ങൾ സമർഥിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പ്രകൃതിയെ ചൂഷണം ചെയ്യുന്നതും കേരളത്തിന്റെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് തിരിച്ചടിയാകുന്നുവെന്ന് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞർ പറയുന്നു. നേരത്തേ അനിയന്ത്രിതമായി പുഴകളിൽ നിന്ന് മണൽവാരിയതും പ്രകൃതിയുടെ ഘടനയിൽ തന്നെ മാറ്റം വരുത്തുന്ന രീതിയിൽ മലയിടിച്ചുള്ള ക്വാറികളുടെ പ്രവർത്തനവും മരം വെട്ടലും വനനശീകരണവുമെല്ലാം സംസ്ഥാനത്തെ വരളൾച്ചയിലേക്ക് തള്ളിവിട്ടതിന്റെ പ്രധാനകാരണങ്ങളിൽ പെട്ടതാണെന്നാണ് ഇവരുടെ വിലയിരുത്തൽ. 

സംസ്ഥാനത്ത് കൃഷി താരതമ്യേന കുറഞ്ഞുവരുന്നതും വ്യാപകമായി കാടുവെട്ടിത്തെളിക്കുന്നതും മഴവെള്ളം മണ്ണിനടിയിലേക്ക് ആഴത്തിൽ ഇറങ്ങുന്നതിനെ തടസ്സപ്പെടുത്തുന്നുണ്ട്.

നേരത്തേ കേരളത്തിൽ കൃഷി ചെയ്തിരുന്ന തനത് വിളകളുടെ തായ് വേരുകൾ മണ്ണിന്റെ ആഴങ്ങളിലേക്ക് മഴവെള്ളം ഇറങ്ങിപ്പോകാൻ ഏറെ സഹായകരമായിരുന്നു. നിലവിൽ ഇത്തരം വിളകളുടെ കൃഷി ക്രമാതീതമായി കുറഞ്ഞതാണ് ഭൂമിക്കടിയിലെ ജലനിരപ്പ് കുറക്കാനിടയാക്കിയത്. ഇതിന് പുറമെ തനത് വിളകളിൽ നിന്ന് പുതിയ ഇനം കൃഷികളിലേക്കുള്ള മാറ്റവും വൻ തോതിൽ ഭൂഗർഭ ജലമൂറ്റലിന് കാരണമാകുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകുമെന്ന് സി ഡബ്ല്യു ആർ ഡി എം മുന്നറിയിപ്പ് നൽകിയിരുന്നു. പാലക്കാട്, കാസർകോട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഭൂഗർഭ ജല വിധാനം ക്രമാതീതമായ നിലയിൽ താഴ്ന്നിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതലും ഭൂഗർഭ ജലനിരപ്പ് താഴുന്നതെന്നാണ് സി ഡബ്ല്യു ആർ ഡി എമ്മിന്റെ പഠനം വ്യക്തമാക്കിയിരുന്നത്. 

ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ ജലസംരക്ഷണ മാർഗങ്ങൾ തേടണമെന്ന് സി ഡബ്ല്യു ആർ ഡി എം കേന്ദ്ര- സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇല്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നൽകിയ വിദഗ്ധർ ജലസംരക്ഷണം ലക്ഷ്യമിട്ട് ശാസ്ത്രീയ മാർഗങ്ങൾ നടപ്പാകാനുള്ള ജലസംരക്ഷണത്തിനുള്ള നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കൈമാറിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.