Latest News

നിർമാതാവിൽനിന്ന്‌ കോടികൾ വാങ്ങി വഞ്ചിച്ച കേസിൽ കണ്ണൂർ സ്വദേശിയായ ഹിന്ദി നടൻ അറസ്റ്റിൽ

കണ്ണൂർ: സിനിമാനിർമാതാവിൽനിന്ന്‌ 1.20 കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ കണ്ണൂർ സ്വദേശിയായ ഹിന്ദി സിനിമാനടൻ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റിൽ. സിനിമാനിർമാതാവ് തോമസ് പണിക്കർ നൽകിയ പരാതിയിലാണ് എടക്കാട് പോലീസ് മുംബൈയിൽനിന്ന് പ്രശാന്തിനെ അറസ്റ്റുചെയ്തത്. [www.malabarflash.com]

സിനിമാനിർമാതാവിനെ മുംബൈയിലുള്ള ഇൻടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡിൽ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചത്.

തോമസ്‌ പണിക്കർ നിർമിച്ച സിനിമാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയതാണ് പ്രശാന്ത് നാരായണൻ. ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ഡയറക്ടറാക്കാമെന്നും ആറുമാസത്തിനുള്ളിൽ വൻ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞാണ് തുക കൈപ്പറ്റിയത്. 

80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്തുനിന്നും കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ മുംബൈയിലെത്തി കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അത്തരത്തിലൊരു കമ്പനി പ്രവർത്തിക്കുന്നില്ലെന്ന് അറിയാനായി. പിന്നീട് മുംബൈയിലും എടക്കാട്ടുമുള്ള പ്രശാന്ത് നാരായണന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.

എടക്കാട് എസ്.ഐ. എ.പ്രതാപിന്റെ നേതൃത്വത്തിൽ മുംബൈയിലെത്തിയ അന്വേഷണസംഘമാണ് പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, മഹേഷ്, വനിതാ പോലീസുകാരായ ദിവ്യ, സിൻഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രശാന്ത് നാരായണന്റെ അച്ഛൻ എടക്കാട് സ്വദേശി നാരായണൻ, ഭാര്യാ പിതാവ് ചക്രവർത്തി എന്നിവരും കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.