Latest News

സൗദിയില്‍ പുതിയ വിസിറ്റിംഗ് വിസ സംവിധാനം നിലവില്‍ വന്നു; കുറഞ്ഞ ചിലവില്‍ ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ വിസ സ്വന്തമാക്കാം

റിയാദ്: സൗദിയില്‍ ഏകീകരിച്ച കുറഞ്ഞ നിരക്കിലുള്ള വിസ സംവിധാനം നിലവില്‍ വന്നു. 300 റിയാല്‍ ഈടാക്കിയുള്ള വിവിധ സന്ദര്‍ശക വിസകളാണ് സ്റ്റാമ്പിങ്ങ് ആരംഭിച്ചത്. ഇതോടെ വിദേശികള്‍ക്ക് കുറഞ്ഞ വിലയില്‍ ഒരു വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ ലഭ്യമാകും.[www.malabarflash.com] 

മലയാളികളടക്കമുള്ള സൗദി പ്രവാസികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്. 300 റിയാല്‍ നല്‍കിയാല്‍ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ വിസ ലഭ്യമാകുന്നതാണ് ഏറെ ശ്രദ്ധേയം.

നേരത്തെ ഉയര്‍ന്ന വിസ ഫീസ് നല്‍കേണ്ടി വന്നിരുന്നെകിലും ആറു മാസത്തേക്ക് സാധാരണ സിംഗിള്‍ മാത്രമാണ് ലഭിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ വിസക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ഫീസ്. പുതിയ നിരക്ക് പ്രകാരമുള്ള പുതിയ വിസകള്‍ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സര്‍വീസ് പ്ലാറ്റ് ഫോം ആയ ഇന്‍ജാസ് വെബ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ഫാമിലി, ബിസിനസ് സന്ദര്‍ശക വിസകള്‍ സിംഗ്ള്‍ എന്‍ട്രിയില്‍ ഒരു മാസവും മള്‍ട്ടിപ്ള്‍ എന്‍ട്രിയില്‍ മൂന്നു മാസവും താമസിക്കാവുന്ന നിലയിലാണ് അനുവദിക്കുന്നത്.

എന്നാല്‍, രാജ്യത്തിറങ്ങിയ ശേഷം സിംഗിള്‍, മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകളുടെ കാലാവധി ആവശ്യപ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചതായി സൗദി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 30 ദിവസത്തേക്ക് സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് 180 ദിവസം വരെ വിസ കാലാവധി അബ്ശിര്‍ സിസ്റ്റം വഴി ഫീസടച്ച് ദീര്‍ഘിപ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചിട്ടുണ്ട്.

മള്‍ട്ടിപ്ള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് ആദ്യത്തെ 90 ദിവസം കഴിയുന്നതിന് മുമ്പ് അബ്ശിര്‍ വഴി ഫീസടച്ച് പുതുക്കാനുമാകും. പിന്നീടുള്ള മൂന്നു മാസങ്ങളില്‍ അവര്‍ രാജ്യത്തിന് പുറത്തുപോയി വരേണ്ടതാണ്.
മൂന്നു മാസ സമയ പരിധിക്കുള്ളില്‍ സൗദിയില്‍ പ്രവേശിച്ചു ഒരു മാസം ഇവിടെ താമസിക്കാനുള്ള സിംഗ്ള്‍ എന്‍ട്രി വിസ, നിരവധി തവണകള്‍ രാജ്യം വിടാനും തിരിച്ചു വരാനും സാധ്യമാകുന്ന ഒരു വര്‍ഷ സമയ പരിധിയില്‍ മൂന്നു മാസ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ എന്നിങ്ങനെയുള്ള ബിസിനസ്, ഫാമിലി സന്ദര്‍ശക വിസകള്‍ക്കെല്ലാം 300 റിയാല്‍ ഫീസില്‍ ഏകീകരിച്ചതാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ ആറു മാസം വരെ സൗദിയില്‍ തുടര്‍ച്ചയായി നില്‍ക്കാനാകും. പുതിയ സന്ദര്‍ശക വിസ പ്രാബല്യത്തില്‍ വന്നതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ തങ്ങളുടെ ആശ്രിതരെ സൗദിയില്‍ എത്തിക്കാനാവുമെന്ന ആശ്വാസത്തിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.