Latest News

സിദ്ദിഖിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ; ഭാര്യയുടെ പരാതിയിൽ ദുബൈ പോലീസ് കേസെടുത്തു

ദുബൈ: കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ പെരുത്തിയോട്ട്‌വളപ്പില്‍ ഷറഫുന്നീസ നൽകിയ പരാതിയിൽ ദുബൈ പോലീസ് കേസെടുത്തു.[www.malabarflash.com] 

ദുബൈയിൽ ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബസംഗമത്തിനിടെ സിദ്ദിഖ് മദ്യപിച്ചെന്നു പ്രചരിപ്പിച്ചാണ് വ്യക്തിഹത്യ നടത്തിയതെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളടക്കം തെളിവായി കൈമാറിയിയതായും പരാതിക്കാരി വ്യക്തമാക്കി.

കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കൂടിയായ ടി. സിദ്ദിഖിനെയും തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചുവെന്ന് ഷറഫുന്നീസ പരാതിയില്‍ ചൂണ്ടിക്കാട്ടി. ദുബൈയില്‍ വിവിധ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് യുഎഇയിലെ സുഹൃത്തുക്കള്‍ക്കും ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് ഡെസര്‍ട്ട് സഫാരി (മരുഭൂ യാത്ര)ക്ക് പോയിരുന്നു. ഇതിലെ വിഡിയോയും ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യക്തിഹത്യയെന്നും വിശദീകരിച്ചു. 

ഇതിന് കൂട്ടുനിന്ന യുഎഇയിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഷറഫുന്നീസ നല്‍കിയ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. ടി. സിദ്ദിഖ് കേരളത്തിലാണെങ്കിലും ഷറഫുന്നീസ കേസ് സംബന്ധമായ തുടര്‍ നടപടികള്‍ക്കായി ദുബൈയില്‍ തുടരുകയാണ്. 

ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കാത്ത, ഒരിക്കലും മദ്യപിക്കില്ലെന്ന് ജീവിത നിഷ്ഠയുള്ള തന്നെയും കുടുംബത്തെയും ചിലര്‍ രാഷ്ട്രീയ ശത്രുക്കൾ വിലകുറഞ്ഞ രീതിയില്‍ ഉപയോഗിച്ചുവെന്നും സിദ്ദീഖ് പിന്നീട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അറിയിച്ചിരുന്നു. 

യുഎഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും മറ്റും വലിയ കുറ്റമാണ്. ഇടയ്ക്കിടെ ഇതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകാറുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.