Latest News

ഗോരഖ്പുര്‍ ആശുപത്രിയിലെ ശിശുമരണം; സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഡോ. കഫീല്‍ഖാന്‍

ലഖ്നൗ (ഉത്തര്‍പ്രദേശ്): ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന ശിശുമരണങ്ങളുടെ പേരില്‍ തന്നെ ജയിലലടച്ചതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഡോ കഫീല്‍ഖാന്‍.[www.malabarflash.com]

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഈ കേസില്‍ കഫീല്‍ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്.

2017 ഓഗസ്റ്റിലാണ് ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ അറുപതിലധികം കുഞ്ഞുങ്ങള്‍ രണ്ട് ദിവസങ്ങളിലായി മരണപ്പെട്ടത്. അത്യാഹിത വിഭാഗത്തിലടക്കം ഒക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതായിരുന്നു കൂട്ടമരണത്തിന് കാരണം.

സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാര്‍ഡിലെ ഡോക്ടറായ കഫീല്‍ഖാനെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.

കഫാല്‍ഖാനെതിരായ ആരോപണം അന്വേഷിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഹിമാന്‍ഷു കുമാര്‍ നേതൃത്വം നല്‍കിയ സംഘം 2019 ഏപ്രിലില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കഫീല്‍ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഫീല്‍ഖാന് ലഭിച്ചത്. കൊലപാതകി എന്ന പേര് തന്നില്‍ നിന്നും മാറിയതായി കഫീല്‍ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് 2017 സെപ്റ്റംബറില്‍ അറസ്റ്റിലായ കഫീല്‍ഖാന്‍ എട്ട് മാസക്കാലത്തോളം തുടര്‍ച്ചയായി ജയിലില്‍ കിടന്നിരുന്നു. ''എനിക്കിനി എന്റെ മക്കളുടെ കൂടെ സമയം ചിലവഴിക്കണം. മകള്‍ക്ക്‌പത്ത് മാസം പ്രായമുള്ളപ്പോഴാണ് അവര്‍ എന്നെ പിടിച്ചുകൊണ്ടുപോയത്. ഞാന്‍ തിരിച്ചു വന്നപ്പോള്‍ അവള്‍ എന്നെ തിരിച്ചറിയുന്നുപോലും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും ഞാന്‍ ഒരു കുഞ്ഞിന്റെ ജീവന്‍ സംരക്ഷിച്ചിരുന്നു. ഇനിയും അത് തുടരും..' ഡോ കഫീല്‍ഖാന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഇരകളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും കഫീല്‍ഖാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.