Latest News

കൂ​ട​ത്താ​യി മോ​ഡ​ൽ ദു​രൂ​ഹ​ത; തി​രു​വ​ന​ന്ത​പു​ര​ത്തും കു​ഴി​മാ​ടം തു​റ​ക്കാ​ൻ പോ​ലീ​സ്

തിരുവനന്തപുരം: കൊലപാതകമെന്നു കണ്ടെത്തി പത്തു വര്‍ഷം കഴിഞ്ഞിട്ടും കൊലയാളി ആരെന്നു കണ്ടെത്താന്‍ കഴിയാത്ത കേസില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം.[www.malabarflash.com]

ഭരതന്നൂരില്‍ കൊല്ലപ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ 10 വര്‍ഷം മുന്‍പ് അടക്കം ചെയ്ത മൃതദേഹമാണ് പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. കൊലപാതകമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടത്തായി മോഡലില്‍ മൃതദേഹം പുറത്തെടുത്തെടുത്ത് തിങ്കളാഴ്ച വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ക്രൈംബ്രാഞ്ച് നീക്കം.

ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയകുമാറിന്റെ മകന്‍ ആദര്‍ശ് വിജയനെയാണു പതിമൂന്നാം വയസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് ഏഴാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

2009 ഏപ്രില്‍ നാലിനു വൈകിട്ട് മൂന്നിനു കടയിലേക്കുപോയ ആദര്‍ശിനെ കാണാതാകുകയായിരുന്നു. തിരച്ചിലില്‍ വീട്ടില്‍ നിന്നും അകലെയുള്ള വയലിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അന്നു പോലീസ് അപകടമരണമെന്നു തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിക്കുകയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് അന്വേഷണം ക്രൈബ്രാഞ്ചിനു കൈമാറി.

തലയ്ക്കും നട്ടെല്ലിനുമേറ്റ പരുക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുങ്ങി മരണമാണെന്നാണ് പോലീസ് വിധിയെഴുതിയത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി വെള്ളം കുടിച്ചല്ല മരിച്ചതെന്നും തലക്കേറ്റ ക്ഷതമാണു മരണകാരണമെന്നും രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു സംഭവം നടന്ന കുളം അന്വേഷണ സംഘം വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേല്‍ക്കുന്ന കല്ലുപോലുള്ള ഒരു സാധനവും കുളത്തില്‍ കണ്ടെത്താനായില്ല. എന്നാല്‍ കുളത്തില്‍ നിന്നും ഒരു കുറുവടി പോലീസിനു ലഭിച്ചു. ഇതോടെ കൊലപാതകമെന്ന സംശയം കൂടുതല്‍ ബലപ്പെടുകയായിരുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുറ്റക്കാരെക്കുറിച്ച് ഒരു തുമ്പും അധികൃതര്‍ക്കു കണ്ടെത്താനാകാത്തതു പ്രദേശവാസികളില്‍ ദുരൂഹത പടര്‍ത്തുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.