Latest News

10 കോടിയിലേറെ രൂപ തട്ടിയെടുത്തു മലയാളി; മുഖ്യമന്ത്രിക്കുള്ള സങ്കട ഹർജിയുമായി അറബി

ദുബൈ: മലയാളികളുടെ സൽപേരിന് കളങ്കമുണ്ടാക്കി അറബിയിൽ നിന്ന് 10 കോടിയിലേറെ രൂപ( 55 ലക്ഷം ദിർഹം) തട്ടിയെടുത്ത് യുഎഇയിൽ നിന്നു മുങ്ങിയ തൃശൂർ പീച്ചി സ്വദേശി ജാവേസ് മാത്യു(36)വിനെ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ ഉടൻ പോലീസിൽ വിവരം അറിയിക്കുക.[www.malabarflash.com] 

ബിസിനസ് തുടങ്ങിയ ശേഷം പല കള്ളങ്ങളും പറഞ്ഞു പണം കൈപ്പറ്റി വ്യാജ പാസ്പോർട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് വഞ്ചിക്കപ്പെട്ട യുഎഇ സ്വദേശി ജമാൽ സാലെം ഹുസൈൻ(43) പറഞ്ഞു. ഇതുസംബന്ധിച്ച് ഇദ്ദേഹം ദുബൈ പോലീസില്‍ പരാതി നൽകിയിട്ടുണ്ട്. 

യുഎഇയിൽ തട്ടിക്കൊണ്ടുപോയി പണം കവർച്ചയടക്കം 16 കേസുകൾ ജാവേസിന്റെ പേരിലുണ്ട്. ഒമാൻ വഴിയാണ് ഇയാൾ ഇന്ത്യയിലെത്തിയത്. എന്നാൽ കേരളത്തിലെ പോലീസും ഭരണാധികാരികളും ഇടപെട്ടാലേ തൻ്റെ പ്രശ്നം പരിഹരിക്കപ്പെടൂ എന്ന് ഇദ്ദേഹം  പറഞ്ഞു. 

ജോലിയും ശമ്പളവുമില്ലാതെ താനും ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. യുഎഇയിലുണ്ടായിരുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പ്രശ്നം ബോധിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല ഇത് വായിക്കുകയാണെങ്കിൽ ജനപ്രിയ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജമാൽ പറയുന്നു.

2015ൽ അബുദാബിയില്‍ ജോലി ചെയ്യുമ്പോൾ മലയാളി സുഹൃത്തായ രാകേഷാണ് ജാവേസിനെ ജമാൽ സാലെയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്ന് ചെക്ക് കേസിൽപ്പെട്ടിരുന്ന ജാവേസിനെ അതിൽ രക്ഷപ്പെടുത്താൻ ജമാൽ സഹായിച്ചതോടെ ഇരുവരും വലിയ സൗഹൃദത്തിലായി. 

താൻ വലിയ പ്രയാസത്തിലാണെന്നും എന്നാൽ ബിസിനസിൽ വലിയ അവഗാഹമുള്ളയാണെന്നും പറഞ്ഞ് പിന്നാലെ കൂടിയ ജാവേസ് അദ്ദേഹത്തിന്റെ സന്മനസ്സ് മുതലെടുക്കുകയായിരുന്നു. ഒരു വർഷത്തോളം ഇതേ കാര്യം പറഞ്ഞ് പിന്നാലെ നടന്നു. ബിസിനസ് രംഗത്ത് അത്ര പരിചയമില്ലാതിരുന്ന ജമാലിന് അത്തരം മോഹം ഉണ്ടായതോടെ വലിയ തട്ടിപ്പിന് ആദ്യമായി തലവച്ചുകൊടുത്തു. ജാവേസിനെ പൂർണമായി വിശ്വസിച്ച ജമാലിന്റെ സ്പോൺസർഷിപ്പിൽ ദുബായ് ഖിസൈസിൽ എെഡിയസ് എന്ന പേരിൽ പ്രിൻ്റിങ് കമ്പനി ആരംഭിച്ചു.

ഒരു ദിർഹം പോലും കൃത്യമായി കണക്കുകൂട്ടി നൽകി ജാവേസ് ജമാലിന്റെ വിശ്വാസം ഉൗട്ടിയുറപ്പിച്ചു. ജമാലിന്റെ കുടുംബ സുഹൃത്താവുകയും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദർശകനാവുകയും ചെയ്തു. ഒരു പാത്രത്തിൽ നിന്നുപോലും തങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജമാൽ പറയുന്നു. 

ബിസിനസ് പച്ച പിടിച്ചതോടെ കൂടുതൽ വികസിപ്പിക്കാനായി നൂതന സാമഗ്രികൾ ആവശ്യപ്പെട്ടതിനനുസരിച്ച് അതിനും ജമാൽ വൻ തുക യാതൊരു മടിയും കൂടാതെ നൽകി. . ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു. ആകെ 55 ലക്ഷം ദിർഹമാണ് ഇരുവരും നൽകിയത്. 

എല്ലാം മികച്ച രീതിയിൽ പോകുന്നതിനിടെ 2017ൽ അവധി ആഘോഷിക്കാൻ നാട്ടിലേയ്ക്ക് പോയ ജാവേസും ശിൽപയും തിരിച്ചുവന്നില്ല. സംശയം തോന്നിയ ജമാൽ ജാവേസിന്റെ യാത്രാ രേഖകൾ പരിശോധിച്ചപ്പോഴാണ് അയാൾ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാൽ രാജ്യം വിട്ടുപോകാൻ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്. യഥാർഥ പാസ്പോർട് ദുബൈ കോടതിയിലിരിക്കെ ദുരൈ സ്വാമി ധർമലിംഗം എന്ന പേരിൽ തമിഴ് നാട്ടിലെ മേൽവിലാസത്തിൽ വ്യാജ പാസ്പോർട്ട് ഉണ്ടാക്കി ഒമാൻ വഴിയാണ് ഇയാൾ ഇന്ത്യയിലേയ്ക്ക് മുങ്ങിയതെന്നും മനസിലായി. 

എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ജമാൽ ഒടുവിൽ ജാവേസിനെ അന്വേഷിച്ചിറങ്ങി.

ജാവേസിനെ അന്വേഷിച്ച് തൃശൂരെത്തിയ ജമാൽ മറ്റൊരാൾ വഴി അയാളെ തന്റെയടുത്തെത്തിച്ചു. കുടുങ്ങി എന്നു മനസിലായതോടെ, ജമാലിൽ നിന്ന് സ്വന്തം ആവശ്യത്തിന് താൻ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കുകയും തെറ്റു പറ്റിപ്പോയതാണെന്നും മാപ്പുനൽകണമെന്നും കാലിൽ വീണ് കരഞ്ഞു പറഞ്ഞു. വൈകാതെ പണം തിരിച്ചു നൽകാമെന്ന് വാക്കും നൽകി. 

സൗമ്യനായ ജമാൽ ഇത് വിശ്വസിച്ച് യുഎഇയിലേയ്ക്ക് തിരിച്ച് വിമാനം കയറി. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിട്ടും ജാവേസിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലെന്ന് മാത്രമല്ല ഫോണിലൂടെ പോലും ബന്ധപ്പെടാനാകുന്നില്ല. 

തിരുവനന്തപുരത്ത് പോലീസ് അധികാരികളെ ജമാൽ കണ്ടിരുന്നെങ്കിലും അവർ പ്രശ്നത്തിൽ ഇടപെടാൻ തയ്യാറായില്ലെന്ന് ജമാൽ പരാതിപ്പെട്ടു. തുടർന്ന് ഇന്റര്‍പോളിൽ പരാതി നൽകിയെങ്കിലും കേസ് മുന്നോട്ടുപോയിട്ടില്ല. 33 പേർ ജോലി ചെയ്യുന്ന കമ്പനി നടത്തിക്കൊണ്ടു പോകാനാണ് ജോലി ഉപേക്ഷിച്ചത്. എന്നാൽ, കമ്പനിയുടെ പ്രവർത്തനം നിലച്ചു.

മൂത്തമകൻ ജോലി ചെയ്യുന്നതുകൊണ്ടു മാത്രമാണ് താനും കുടുംബവും പട്ടിണി കൂടാതെ ജീവിക്കുന്നതെന്ന് ജമാൽ പറയുന്നു. ഒരു ജോലിക്കായി ഞാൻ ഏറെ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കട ബാധ്യതകൾ ഒട്ടേറെയുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ സഹായിക്കാത്ത അവസ്ഥയിലാണ്. 

സർക്കാർ തന്ന മുഹൈസിനയിലെ ചെറിയ വില്ലയിലാണ് ഇപ്പോൾ താമസിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസം താളം തെറ്റി. സൗകര്യമുള്ള ഒരു വീട്ടിലേയ്ക്ക് മാറണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ജീവിതം തന്നെ പരിതാപകരമായ അവസ്ഥയിൽ ആ ആഗ്രഹങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നു ഗൗരവമായ ഇടപെടലുകളുണ്ടായാൽ മാത്രമേ തനിക്ക് മാന്യമായ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കുകയുള്ളൂ എന്നു ജമാൽ പറയുന്നു:

എനിക്ക് ഒട്ടേറെ മലയാളി സുഹൃത്തുക്കളുണ്ട്. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും വളരെ നല്ല അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, ജാവേസിനെയും രാകേഷിനെയും പോലുള്ള തട്ടിപ്പുകാർ അവരുടെ മുഖത്തു ചെളിവാരിയിടുകയാണ്. ഇയാളെ കണ്ടെത്തി തരാൻ ഓരോ മലയാളിയും ശ്രമിക്കണമെന്ന് ജമാൽ അഭ്യർഥിക്കുന്നു.

(കടപ്പാട്: മനോരമ)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.