Latest News

ധിഷണയും പ്രാപ്തിയുമുള്ള നേതൃത്വം കേരള മുസ്‌ലിംകളുടെ ശക്തി: ഗവർണർ

കോഴിക്കോട്: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന മർകസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മർകസിൽ സംഘടിപ്പിച്ച “ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവർണർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ധിഷണയും പ്രാപ്തിയും ഉള്ള നേതൃത്വമാണ് കേരള മുസ്‌ലിംകളുടെ ശക്തി. എങ്ങനെ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതിയിലെത്തിക്കാമെന്നും വിവിധ ജനവിഭാഗങ്ങളുമായി സൗഹാർദത്തിൽ കഴിയണമെന്നും ഇവിടെയുള്ള മുസ‌്ലിം നേതാക്കൾ കാണിക്കുന്നു. 

കാന്തപുരം എ പി അബൂബക്കർ മുസ‌്ലിയാരുടെ പ്രവർത്തനം രാജ്യത്തിന് മുഴുവൻ മാതൃകയാണ്. 50 വർഷത്തെ വിശ്രമമില്ലാത്ത യത്നങ്ങളിലൂടെ അദ്ദേഹം സാധിച്ചെടുത്ത വൈജ്ഞാനിക മഹാ മുന്നേറ്റത്തെ ഞാൻ ആദരവോടെ കാണുന്നു. ഖുർആൻ പഠിപ്പിക്കുന്നത് വിജ്ഞാനം ആഴത്തിൽ നേടാനും ജീവിതം പ്രകാശമാനമാക്കാനുമാണ്. ഖുർആന്റെ മൂല്യങ്ങളിൽ ഊന്നിനിന്നുകൊണ്ടാകണം മുസ്‌ലിംകളുടെ ജീവിതം- ഗവർണർ പറഞ്ഞു.

കാശ്മീർ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി സംവദിക്കാനും ഗവർണർ സമയം കണ്ടെത്തി. കശ്മീരിന്റെ അതിർത്തി പ്രദേശത്ത് നിന്നുവന്ന് ഏഴ് വർഷമായി മർകസിൽ പഠനം നടത്തുന്ന മഹ‌്മൂദ് അഹ‌്മദ് കേരളത്തിൽ വന്ന ശേഷമുള്ള തന്റെ അക്കാദമിക മുന്നറ്റത്തെപ്പറ്റി സംസാരിച്ചപ്പോൾ, ഇവിടെ നിന്ന് നേടിയ സാമൂഹിക ബോധവും ബഹുസ്വര മൂല്യങ്ങളും ജന്മനാട്ടിൽ പോയി എല്ലാവർക്കും പകർന്നു നൽകി കേരളം പോലെ മനോഹരമാക്കണമെന്ന് ഗവർണർ ഉപദേശിച്ചു.
2020 ഏപ്രിലിൽ നടക്കുന്ന മർകസ് 43-ാം വാർഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഗവർണർ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു രാജ്യത്താകെ പത്ത് ലക്ഷം വൃക്ഷത്തൈ നടുന്ന ഗ്രീൻ ക്യാമ്പയിൻ ചെടി നട്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ‌്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ ഗവർണറെ ആദരിച്ചു. ഗവർണർക്കുള്ള മർകസിന്റെ ഉപഹാരം സി മുഹമ്മദ് ഫൈസി കൈമാറി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹഖീം അസ്ഹരി സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.