Latest News

നെഞ്ചുരുകി തമിഴകം; കുഴല്‍ കിണറില്‍ വീണ കുഞ്ഞ് കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. രക്ഷാപ്രവർത്തനത്തിനിടെ കുട്ടി കൂടുതൽ ആഴത്തിലേക്ക് പതിച്ചു. നിലവിൽ കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് കുട്ടിയുള്ളത്.[www.malabarflash.com]

ആദ്യം 26 അടി താഴ്ചയിലേക്ക് പതിച്ച കുട്ടി മുകളിലേക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും ആഴത്തിലേക്ക് വീണത്.

ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാനാണ് ഇതുവരെ ശ്രമിച്ചത് ഇപ്പോൾ ഈ നീക്കും ഉപേക്ഷിച്ചു. കുഴല്‍ കിണറിന് സമീപം ഒരു മീറ്റര്‍ വീതിയില്‍ വഴി തുരക്കുകയാണ് ഇപ്പോള്‍.കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന്‍ ഈ തുരങ്കത്തിലൂടെ പോകും. കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവരാനാണ് ശ്രമം. മണ്ണിടിച്ചില്‍ ഭീഷണിയും അപകട സാധ്യതയും ഏറെയെങ്കിലും മറ്റു വഴികള്‍ മുന്നില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ കയറിട്ട് കുഞ്ഞിന്റെ ഒരു കൈയിൽ കുരുക്കിട്ടു 26 അടിയിൽ തന്നെ താങ്ങി നിർത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ശരീരത്തിൽ ചളിയുള്ളതിനാൽ പിന്നീട് ഊർന്ന് പോയി. രണ്ട് തവണയും കയറിൽ കുരുക്കി മുകളിലേക്ക് കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും കുട്ടി താഴേക്ക് പതിച്ചതോടെ രക്ഷാപ്രവർത്തകരിൽ ആശങ്ക ശക്തമായിട്ടുണ്ട്.

മണ്ണിടിച്ചില്‍ ഭീഷണി ഈ സമയത്ത് ഏറെയെങ്കിലും മറ്റു വഴികള്‍ മുന്നില്‍ ഇപ്പോള്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. ആദ്യ സമയത്ത് കുട്ടി പ്രതികരിച്ചിരുന്നെങ്കിലും പുലര്‍ച്ചെ അഞ്ച് മണി മുതല്‍ പ്രതികരണമില്ല. കുട്ടി തളര്‍ന്നു പോയതും കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.

വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളമെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വെളളിയാഴ്ച വൈകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് രണ്ടരവയസ്സുകാരന്‍ കുഴല്‍കിണറിലേക്ക് വീണത്.26 അടി താഴ്ചയിലാണ് ആദ്യം കുടുങ്ങിയത്. സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീണത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടിലും സമൂഹമാധ്യങ്ങളിലും സുജത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ലക്ഷങ്ങള്‍. ഉപയോഗശൂന്യമായ കുഴല്‍ കിണറുകളില്‍ കുഞ്ഞുങ്ങള്‍ വീണുണ്ടാവുന്ന അപകടങ്ങള്‍ തുടരുന്നതിലും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്തതിലും കനത്ത വിമര്‍ശനവും രോഷവുമാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്.

തമിഴ്നാട്ടിൽ പലയിടത്തും കുഞ്ഞിനെ തിരികെ കിട്ടാനായി ആളുകൾ കൂട്ടപ്രാർത്ഥനകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോക്ഷം ആളിപ്പടരുന്നുവെന്നത് സർക്കാരിനേയും മുൾമുനയിൽ നിർത്തുന്നുണ്ട്. 

നിലവിൽ രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി അപകടസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചീഫ് സെക്രട്ടറി നേരിട്ട് രക്ഷാപ്രവർത്തനം വിലയിരുത്തുന്നുമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.