ചിത്രദുര്‍ഗ: 50 വര്‍ഷം മുന്‍പ് 'മരിച്ച' വ്യക്തി ഈ വര്‍ഷത്തെ ദീപാവലി കുടുംബത്തിനൊപ്പം ആഘോഷിച്ചു. കര്‍ണാടകയിലെ ചിത്രനായകനഹള്ളിയിലാണു വേറിട്ട സംഭവം. അരനൂറ്റാണ്ട് മുന്‍പ് മുപ്പതാം വയസില്‍ സന്ന എരണ്ണ മരിച്ചുവെന്നാണ് എല്ലാവരും കരുതിയത്. അന്ന് വീട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളെ ആന്ധ്രയില്‍ കണ്ടതായി കുടുംബത്തിന് വിവരം ലഭിച്ചു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് സത്യം പുറത്തെത്തിച്ചത്. [www.malabarflash.com]
ഇപ്പോള്‍ 80 വയസ്സുണ്ട് സന്ന എരണ്ണയ്ക്ക്. മുപ്പതുവയസുള്ളപ്പോള്‍ ഇയാളെ കാണാതായി. വീട്ടുകാരും നാട്ടുകാരും ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ആ സമയത്താണു നാട്ടില്‍ നിന്നുതന്നെ തിരിച്ചറിയാനാകാത്ത ഒരു മൃതദേഹം ലഭിക്കുന്നത്. അത് കാണാതായ സന്നയുടേതാണെന്നു കരുതി കുടുംബം സംസ്‌കരിച്ചു. എന്നാല്‍ സന്ന മരിച്ചിരുന്നില്ല. ഇയാള്‍ ഓര്‍മ നഷ്ടപ്പെട്ട് അലയുകയായിരുന്നു. ഇതിനിടയില്‍ എങ്ങനെയോ ആന്ധ്രയിലെ യാപലപാര്‍ത്തി ഗ്രാമത്തില്‍ ആദിവാസികളുടെ അടുത്തെത്തി. പിന്നീട് അവര്‍ക്കൊപ്പം താമസമാക്കി. അപ്പോഴൊന്നും പഴയ കാര്യങ്ങള്‍ ഇയാള്‍ക്ക് ഓര്‍മയിലുണ്ടായിരുന്നില്ല.
എന്നാല്‍ തിരിച്ചുവന്ന സന്ന പഴയ കാര്യങ്ങള്‍ ചിലത് ഓര്‍ത്തു പറയുന്നുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. തിരികെവന്നത് സന്ന തന്നയാണെന്ന് ഉറപ്പിക്കാന്‍ ഇവരെ സഹായിക്കുന്ന ഒരു ഘടകവും ഇതു തന്നെയാണ്. സന്ന തിരിച്ചുവന്നത് ഏറെ സന്തോഷവും അമ്പരപ്പും നല്‍കിയത് ഭര്‍ത്താവ് മരിച്ചെന്ന സങ്കടത്തില്‍ ജീവിച്ചിരുന്ന ഭാര്യ എരജിയ്ക്കാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളയാക്രമിച്ചപ്പോള്‍ തോളിനേറ്റ മുറിവിന്റെ അടയാളവും ഭര്‍ത്താവിന്റെ ശരീരത്തില്‍ നിന്നും ഇവര്‍ തിരിച്ചറിഞ്ഞു. മരിച്ചെന്ന് കരുതിയ വ്യക്തി ജീവനോടെ എത്തിയ സന്തോഷത്തിലാണ് എല്ലാവരും.
No comments:
Post a Comment