Latest News

കോളേജില്‍ നിന്ന് മോഷ്ടിച്ചപണം കൊണ്ട് ഗ്യാസ്‌കട്ടര്‍വാങ്ങി ബാങ്ക് കവര്‍ച്ചാശ്രമം,എട്ടംഗസംഘം പിടിയില്‍

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ റൂറൽ സഹകരണ സംഘത്തിന്റെ ഏലാപ്പുറത്തുളള പ്രധാന കേന്ദ്രത്തിന്റെ ഷട്ടർ മുറിച്ച് മോഷണം നടത്താൻ ശ്രമിച്ച എട്ടംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധകേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയുൾപ്പെടെയാണ് അറസ്റ്റിലായത്. ഇയാൾ സഹകരണസംഘത്തിന്റെ ഓഫീസ് നിർമിക്കുന്ന സമയത്ത് തടിപ്പണി ചെയ്യാനെത്തിയയാൾ കൂടിയാണ്.[www.malabarflash.com]
ആറ്റിങ്ങൽ താഴെഇളമ്പ അശ്വതിഭവനിൽ എസ്.അനിൽ (അനി-43), വിഷ്ണുനിവാസിൽ എസ്.വിപിൻലാൽ (ചാഞ്ചു-30), പാറയടി ബിനിതാഭവനിൽ ബി.വിമൽ (കൊച്ചു-28), കൊട്ടിയം ജീസസ് ഭവനിൽ ഡബ്ല്യു.സി.ജോൺ (29), കൊട്ടിയം കുന്നുംപുറത്തുവീട്ടിൽ എസ്.നിസാം (31), നിലയ്ക്കാമുക്ക് ഭജനമഠംബംഗ്ലാവിൽ എസ്.അനൂപ് (28), ഇയാളുടെ സഹോദരൻ അരുൺ (27), കീഴാറ്റിങ്ങൽ സ്വദേശി ആർ.വിനോദ് (ബിനു-38) എന്നിവരാണ് അറസ്റ്റിലായത്.

ടാർസൻ അനി എന്നറിയപ്പെടുന്ന ഒന്നാം പ്രതിയായ അനിൽ 20 വർഷമായി തിരയുന്ന പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സഹകരണസംഘത്തിന്റെ ഷട്ടർ ഗ്യാസ്‌കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റി മോഷണത്തിന് ശ്രമം നടന്നത്. വിവരമറിഞ്ഞയുടൻ കടയ്ക്കാവൂർ പോലീസ് എത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് റൂറൽ എസ്.പി. ബി.അശോകന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി. കെ.വിദ്യാധരന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിലുൾപ്പെട്ട മുഴുവൻ പ്രതികളെയും വിവിധ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കീഴാറ്റിങ്ങലിലെ കവർച്ച ശ്രമത്തിനു മുമ്പ് സംഘം ചാത്തന്നൂരിലെ ഒരു കോളേജ് കുത്തിത്തുറന്ന് 29,000 രൂപ കവർന്നിരുന്നു. ഇതിൽ നിന്ന് 17,000 രൂപ മുടക്കിയാണ് കോയമ്പത്തൂരിൽ നിന്ന് ഗ്യാസ്‌കട്ടർ വാങ്ങിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് പരിചയമില്ലാത്ത സംഘം കല്ലറയിൽ ഒരു കടയുടെ ഷട്ടർ പൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഒന്നാം പ്രതിയായ അനിൽ വെൽഡറായ കൊട്ടിയം സ്വദേശി സിജോണിനെ ബന്ധപ്പെടുകയും ഭജനമഠം സ്വദേശികളായ അരുൺ, അനൂപ്, ചാത്തന്നൂരിൽ മോഷണത്തിനുസഹായിച്ച വിനോദ് എന്നിവരുടെ സഹായത്തോടെ ബാങ്ക് പൊളിക്കാനെത്തുകയുമായിരുന്നു.

വാടകയ്ക്കെടുത്ത കാറിൽ തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഘം എത്തിയത്. സഹകരണസംഘത്തിന്റെ ഓഫീസ് നിർമിക്കുമ്പോൾ തടിപ്പണികൾ ചെയ്യാനെത്തിയ സംഘത്തിൽ അനിലുമുണ്ടായിരുന്നു. അതുകൊണ്ട് ബാങ്കിന്റെ ഉള്ളിലുള്ള കാര്യങ്ങളെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇതാണ് കൊള്ളയ്ക്കായി ഈ ബാങ്ക് തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.

സ്ഥലത്തെത്തിയയുടനേ അനിൽ ക്യാമറ തിരിച്ചുവച്ചു. തുടർന്ന് സിജോൺ, ചാഞ്ചു എന്നിവർ ചേർന്ന് ഗ്യാസ്‌കട്ടർ ഉപയോഗിച്ച് ഷട്ടർ മുറിച്ചു. എന്നാൽ ഗ്യാസ് തീർന്നതുകാരണം പദ്ധതി ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. സംഭവത്തെത്തുടർന്ന് സംഘം പലതായി പിരിഞ്ഞ് പലയിടങ്ങളിൽ ഒളിവിൽപോയി.

ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ സി.ഐ. എം.ശ്രീകുമാർ, എസ്.ഐ. വിനോദ്‌ വിക്രമാദിത്യൻ, ചിറയിൻകീഴ് ഇൻസ്പെക്ടർ എച്ച്.എൽ.സജീഷ്, ഷാഡോ ടീം അംഗങ്ങളായ ബിജു, ദിലീപ്, ഫിറോസ്, ജ്യോതിഷ്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സൈബർസെല്ലിന്റെ സഹായത്തോടെയാണ് പ്രതികളുടെ ഒളിത്താവളങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ അനിൽ 2011-ൽ ആറ്റിങ്ങൽ ടി.ബി.ജങ്ഷനിൽ വാമദേവന്റെ വീട്ടിൽ നിന്ന് 350 കിലോ റബ്ബർ മോഷ്ടിച്ച കേസ്, കൊട്ടിയത്ത് നാലുവർഷം മുമ്പ് വീട്കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നകേസ്, ഏലാപ്പുറത്ത് സ്ത്രീയുടെ മാലപൊട്ടിച്ചകേസ്, വെഞ്ഞാറമൂട്ടിൽ റബ്ബർമോഷണക്കേസ് എന്നിവയിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ 2001-ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.