Latest News

പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ബംഗ്ലാദേശില്‍ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പില്‍ നാല് മരണം

ധാക്ക: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് വെടിവെപ്പ്. വെടിവെപ്പില്‍ നാല് പേര്‍ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.[www.malabarflash.com]

ബംഗ്ലാദേശിലെ ഭോല ജില്ലയിലാണ് സംഭവം. മുഹമ്മദ് നബിയെ അധിക്ഷേപിച്ച് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്.

പ്രകടനം ആക്രമാസക്തമായപ്പോഴാണ് പോലീസ് വെടിവെച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20000 പേരാണ് കഴിഞ്ഞ ദിവസം ഭോല ദ്വീപിലെ നഗരമായ ബൊര്‍ഹാനുദ്ദീന്‍ നഗരത്തിലെ പ്രാര്‍ത്ഥന ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നത്. ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ വധശിക്ഷക്ക് വിധേയമാക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധ പ്രകടനം നിയന്ത്രണം വിട്ടപ്പോള്‍ സ്വയരക്ഷക്ക് വേണ്ടിയാണ് വെടിവെച്ചതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. നാല് പേര്‍ കൊല്ലപ്പെട്ടെന്നും 50 പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. സൈന്യത്തെ വിന്യസിച്ചാണ് ദ്വീപില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം മരണ സംഖ്യ ഏഴായി ഉയര്‍ന്നെന്നും 43 പേരുടെ നില അതിഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ഇയാള്‍ മൊഴി നല്‍കി. പരിശോധനയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന പോസ്റ്റും സന്ദേശങ്ങളും മെസഞ്ചറിലൂടെയാണ് പ്രചരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.