Latest News

ഇന്ത്യൻ യുവതിയെ കൊന്നു കുഴിച്ചിട്ട ഭർത്താവിനും രണ്ടാം ഭാര്യയ്ക്കും ഷാർജയിൽ വധശിക്ഷ

ഷാര്‍ജ: ഷാര്‍ജയില്‍ ആദ്യ ഭാര്യയായ ഇന്ത്യന്‍ യുവതിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഇന്ത്യൻ ദമ്പതികൾക്ക് ഷാർജ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കേസിലെ പ്രതിയായ ഇന്ത്യൻ യുവാവിന്റെ ആദ്യ ഭാര്യയെയാണ് രണ്ടാം ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.[www.malabarflash.com]

കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾ ദയാധനം (ബ്ലഡ് മണി) സ്വീകരിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലിൽ ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലാണ് സംഭവം. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. വീട് പൂട്ടിയശേഷം വാടകയ്ക്ക് എന്ന് ബോര്‍ഡ് തൂക്കിയിരിക്കുകയായിരുന്നു ഇവിടെ. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ ആഴമില്ലാത്ത കുഴിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.


രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യഭാര്യയെ കൊലപ്പെടുത്തിയശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയ ഭര്‍ത്താവ് കുട്ടികളുമായി നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊന്നു വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ടതാണെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. മരണം നടന്നിട്ട് ഒരു മാസത്തിലധികം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ ധാരാളം മുറിവുകളുടെ അടയാളമുണ്ടായിരുന്നു.

കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് കേസിൽ വിശദമായ അന്വേഷണം നടന്നത്.

സഹോദരിയെ കുറിച്ച് കുറേ ദിവസമായി വിവരമൊന്നും ഇല്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമായിരുന്നു പരാതി. ദമ്പതികളും രണ്ടു മക്കളുമായിരുന്നു ഇവിടെ താമസിച്ചിരുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. എന്നാല്‍, ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. മലയാളികളടക്കം അനേകം ഇന്ത്യക്കാര്‍ താമസിക്കുന്ന നിരവധി വില്ലകളാണ് മൈസലൂണ്‍ ഭാഗത്തുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.